ചാലക്കുടി
പുള്ളിപ്പുലിയുടെ ആക്രമണത്തിൽനിന്നും അഞ്ചുവയസ്സുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. കൈയിൽ പരിക്കേറ്റ കുട്ടിയെ വാൽപ്പാറ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലക്കപ്പാറയിൽനിന്നും അഞ്ച് കിലോമീറ്റർ അകലെ പന്നിമേട് ഫാക്ടറി ഡിവിഷന് സമീപം ഞായർ രാവിലെയായിരുന്നു സംഭവം.
തേയില ഫാക്ടറി ജീവനക്കാരനും ജാർഖണ്ഡ് സ്വദേശിയുമായ ബിപിയുടെ മകൻ ആകാശിനെയാണ് പുലി ആക്രമിച്ചത്. താമസസ്ഥലത്തുനിന്നും കുറച്ചകലെയുള്ള തോട്ടിൽ തുണി അലക്കാനായി അമ്മ ഗീതയോടൊപ്പം പോകുമ്പോഴായിരുന്നു ആക്രമണം. തേയിലത്തോട്ടത്തിൽനിന്ന് പാഞ്ഞെത്തിയ പുലി ആകാശിന്റെ വലതുകൈയിൽ കടിച്ച് വനത്തിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചു. തോട്ടം തൊഴിലാളികൾ കല്ലെറിഞ്ഞും ഒച്ചവച്ചും ഓടിയെത്തിയതോടെ പുലി കുട്ടിയെ ഉപേക്ഷിച്ച് വനത്തിലേക്ക് പോയി.
ആകാശിനെ വാൽപ്പാറ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. പന്നിമേട് ഫാക്ടറി ഡിവിഷന് ഏഴ് കിലോമീറ്റർ അകലെ മുത്തുമുടിയിലും സമീപത്തെ ദോണിമുടിയിലും വർഷങ്ങൾക്കു മുമ്പ് രണ്ടു കുട്ടികളെ പുലി കൊന്നിട്ടുണ്ട്. പ്രദേശത്ത് കുറെ നാളായി പുലിശല്യം രൂക്ഷമാണ്.