തിരുവനന്തപുരം
സംസ്ഥാനത്ത് കെട്ടിടനിർമാണ ഫീസ് പുതുക്കിയതിന് എതിരെ സംഘടിത ദുഷ്പ്രചാരണമാണ് നടക്കുന്നതെന്ന് തദ്ദേശ മന്ത്രി എം ബി രാജേഷ് ഫെയ്സ്ബുക്കിൽ കുറിച്ചു.
മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും അപേക്ഷിച്ച ദിവസംതന്നെ 300 ചതുരശ്ര മീറ്റർവരെയുള്ള കെട്ടിടങ്ങൾക്ക് പെർമിറ്റ് ലഭിക്കുമെന്ന മാറ്റം കുപ്രചാരകർ കണ്ടില്ല. പെർമിറ്റ് ലഭിക്കാൻ മാസങ്ങൾ കാത്തിരിക്കേണ്ടിരുന്ന സ്ഥിതിയാണ് ഒഴിവാക്കിയത്. ഓൺലൈനായി അപേക്ഷിച്ച് ഒരു മണിക്കൂറിനകം പെർമിറ്റ് ലഭ്യമാക്കുന്ന സംവിധാനമാണ് ഇപ്പോൾ. നിർമാണ പെർമിറ്റിന്റെ കാലതാമസവും അതിനുവേണ്ടിയുള്ള കൈക്കൂലി ഇടപാടുകളും എന്നന്നേക്കുമായി അവസാനിപ്പിക്കാനുള്ള സുപ്രധാന തീരുമാനമാണ് സർക്കാർ കൈക്കൊണ്ടത്.
മെയ് ഒന്നുമുതൽ ഗ്രാമപഞ്ചായത്തുകളിലും ഈ സംവിധാനം നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.
കേരളം പുതുക്കിയനിരക്ക് രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ്. പുതുക്കിയപ്പോഴും 80 ചതുരശ്ര മീറ്റർ (861.1 ചതുരശ്രയടി) വരെയുള്ള നിർമാണത്തിന് ഫീസ് വർധിപ്പിച്ചിട്ടില്ല. പാവപ്പെട്ടവർക്ക് ഒരു രൂപയുടെ അധികഫീസും വരില്ല.