കൊച്ചി
സംസ്ഥാന വ്യവസായവകുപ്പ് 2023––24 സാമ്പത്തികവർഷം നടപ്പാക്കുന്ന ‘സംരംഭകവർഷം 2.0’ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് എറണാകുളം കലൂർ ഗോകുലം പാർക്ക് കൺവൻഷൻ സെന്ററിൽ നടക്കുന്ന പരിപാടിയിൽ വ്യവസായമന്ത്രി പി രാജീവ് അധ്യക്ഷനാകും.
2022-–-23 സാമ്പത്തികവർഷം സംസ്ഥാന സർക്കാർ സംരംഭകവർഷമായി പ്രഖ്യാപിച്ച്, ഒരുലക്ഷം സംരംഭങ്ങളെന്ന ലക്ഷ്യം കൈവരിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് സംരംഭകവർഷം 2.0 ആരംഭിക്കുന്നത്.
2022–-23 സംരംഭകവർഷത്തിന്റെ ഭാഗമായി ആരംഭിച്ച നവസംരംഭങ്ങളുടെ സുസ്ഥിരത ഉറപ്പാക്കാനുള്ള ‘മിഷൻ 1000’ പദ്ധതിയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. സംരംഭങ്ങളുടെ വിപണനം പ്രോത്സാഹിപ്പിക്കാനുള്ള സെൽഫി പോയിന്റ്, വീഡിയോ ചാനൽ തുടങ്ങിയവയും ഉദ്ഘാടനം ചെയ്യും. ‘മിഷൻ 1000’ പദ്ധതി പോർട്ടൽ ധനമന്ത്രി കെ എൻ ബാലഗോപാലും സെൽഫി പോയിന്റ് തദ്ദേശമന്ത്രി എം ബി രാജേഷും ഉദ്ഘാടനം ചെയ്യും. സംരംഭകസംഗമവും ഉണ്ടാകും. അഞ്ഞൂറിലേറെ സംരംഭകർ പങ്കെടുക്കും.