കൊച്ചി
മഹാസമുദ്രങ്ങൾ താണ്ടി വൻകരകൾ തൊടുന്ന കപ്പലുകളിൽ ജോലി തേടാൻ സ്ത്രീകളുടെ തിരക്ക്. മറൈൻ എൻജിനിയറിങ് പഠിക്കാനെത്തുന്ന യുവതികളുടെ എണ്ണം ഓരോ വർഷവും വർധിക്കുകയാണ്. കേരളത്തിൽനിന്നുമാത്രം നൂറിലേറെ സ്ത്രീകൾക്ക് 10 വർഷത്തിനിടെ കപ്പൽക്കമ്പനികളിൽ ജോലി ലഭിച്ചിട്ടുണ്ട്. ഇവരുടെ ഒഴുക്ക് തുടരുകയാണ്.
കപ്പലുകളുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്ന 19 കോടിയോളം പേരാണ് ലോകമൊട്ടാകെയുള്ളതെന്ന് ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷന്റെ (ഐഎംഒ) കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ രണ്ട് ശതമാനത്തിൽ താഴെയാണ് സ്ത്രീകള്. അടുത്തകാലത്തായി കപ്പൽക്കമ്പനികൾ സ്ത്രീകൾക്ക് പ്രാമുഖ്യം നൽകിത്തുടങ്ങി. ഇതോടെയാണ് ഈ രംഗത്ത് സ്ത്രീകള് വര്ധിച്ചത്.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) കുഞ്ഞാലിമരയ്ക്കാർ സ്കൂൾ ഓഫ് മറൈൻ എൻജിനിയറിങ്ങിൽ ബിടെക് (മറൈൻ എൻജിനിയറിങ്) പഠിക്കാനെത്തുന്ന പെൺകുട്ടികളുടെ എണ്ണം ഓരോ വർഷവും ഏറുകയാണെന്ന് അധികൃതർ പറഞ്ഞു. നാലുവർഷത്തെ കോഴ്സിന് നിലവിൽ 37 പെൺകുട്ടികളുണ്ട്. ആകെ സീറ്റുകളുടെ 12 ശതമാനമാണിത്. 2003ൽ കോഴ്സ് ആരംഭിക്കുമ്പോൾ ഒരു പെൺകുട്ടിമാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോൾ ഓരോ വർഷവും പ്രവേശനം നേടുന്നവരിൽ 10 ശതമാനത്തിലേറെ പെൺകുട്ടികളാണ്. ഇവർക്ക് സ്കോളർഷിപ്പും ലഭ്യമാണ്.
കപ്പലുകളിൽ നാവിഗേഷൻ, എൻജിൻ സൈഡ് വിഭാഗങ്ങളുണ്ട്. ഇതിൽ ശാരീരിക അധ്വാനം കൂടുതൽ ആവശ്യമായ ‘എൻജിൻ സൈഡ്’ ജോലികൾക്കും യുവതികൾ മുന്നോട്ടുവരുന്നുണ്ടെന്ന് കുഞ്ഞാലി മരയ്ക്കാർ സ്കൂൾ ഡയറക്ടർ പ്രൊഫ. ആർ വേണുഗോപാൽ പറഞ്ഞു. മാസങ്ങളോളം കടലിൽ കഴിയേണ്ടിവരുന്നത് പുതുതലമുറയ്ക്ക് പ്രശ്നമില്ല. മികച്ച കപ്പൽക്കമ്പനികൾ സ്കൂൾ ഓഫ് മറൈൻ എൻജിനിയറിങ്ങിൽ എത്തി ജോലിക്കാരെ തെരഞ്ഞെടുക്കുന്നുണ്ട്. ഇതിൽ പെൺകുട്ടികൾക്കും നല്ല അവസരങ്ങൾ ലഭിക്കുന്നുണ്ട്. ചരക്കുകപ്പലുകളിലും ക്രൂസ് കപ്പലുകളിലും സ്ത്രീകൾ ധാരാളമായി ചേരുന്നുണ്ടെന്ന് വേണുഗോപാൽ പറഞ്ഞു.















