തിരുവനന്തപുരം> മൂന്നാർ പ്രദേശത്ത് സുസ്ഥിര വികസനം സാധ്യമാക്കുന്നതിനും അനധികൃത കൈയ്യേറ്റങ്ങളിലും നിർമ്മാണങ്ങളിലും ഉചിതമായ തീരുമാനമെടുക്കുന്നതിനും പ്രദേശത്തിന്റെ പാരിസ്ഥിതിക സവിശേഷതകൾ സംരക്ഷിക്കുന്നതിനുമായി മൂന്നാർ ഹിൽ ഏരിയ അതോറിറ്റി രൂപീകരിക്കും. മൂന്നാർ, ദേവികുളം, മറയൂർ, ഇടമലക്കുടി, കാന്തലൂർ, വട്ടവട, മാങ്കുളം, ചിന്നക്കനാൽ പഞ്ചായത്തിലെ 8 ഉം 13 ഉം വാർഡുകൾ ഒഴിച്ചുള്ള മേഖലകൾ, പള്ളിവാസൽ പഞ്ചായത്തിലെ 4 ഉം 5 ഉം വാർഡുകൾ എന്നീ പഞ്ചായത്തുകളെ/പ്രദേശങ്ങളെ ഉൾപ്പെടുത്തി, കേരള ടൗൺ ആന്റ് കൺട്രി പ്ലാനിംഗ് ആക്ട്, 2016 വകുപ്പ് 51 ൽ നിഷ്കർഷിച്ച പ്രകാരമാണ് മൂന്നാർ ഹിൽ ഏരിയ അതോറിറ്റി രൂപീകരിക്കുക. അതോറിറ്റിയുടെ ഘടന അംഗീകരിച്ചു. അതിന്റെ ഭാഗമായി ഈ പ്രദേശങ്ങളെ ഒരു ജോയിന്റ് ആസൂത്രണ പ്രദേശമായി പ്രഖ്യാപിച്ച് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കും.
ജോയിന്റ് ആസൂത്രണ പ്രദേശത്തിന് മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതിന് ജോയിന്റ് ആസൂത്രണ കമ്മിറ്റി രൂപീകരിക്കും. 2021 ലെ കേരള നഗര-ഗ്രാമാസൂത്രണ (മാസ്റ്റർ പ്ലാൻ രൂപീകരണവും അനുമതി നൽകലും) ചട്ടം 27(2) പ്രകാരമുള്ള അംഗങ്ങൾ ഉൾപ്പെടുന്ന ജോയിന്റ് ആസൂത്രണ കമ്മിറ്റിയുടെ ഘടന അംഗീകരിച്ചു. മൂന്നാർ ഹിൽ ഏരിയ അതോറിറ്റിയുടെ രൂപീകരണം സംബന്ധിച്ച് വ്യവസ്ഥകൾ അംഗീകരിച്ചു. നിയമനങ്ങൾ കേരള കേരള ടൗൺ ആന്റ് കൺട്രി പ്ലാനിംഗ് ആക്ട് ചട്ടം പ്രകാരം നടത്തും.
തസ്തിക
ആലപ്പുഴ കണ്ടങ്കരി, ദേവീ വിലാസം ഹയർ സെക്കണ്ടറി സ്കൂളിൽ സയൻസ് ബാച്ചിൽ 9 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.
കരാർ ഒപ്പുവയ്ക്കും
കെ.എസ്.ഇ.ബി. മുഖേന കേരള ഗ്രീൻ എനർജി കോറിഡോർ പദ്ധതി നടപ്പാക്കുന്നതിന് ജർമ്മൻ ബാങ്കായ കെ.എഫ്.ഡബ്ല്യൂവിൽ നിന്ന് ലോൺ ലഭ്യമാക്കുന്നതിന് കേരള സർക്കാർ, കെ.എസ്.ഇ.ബി., കെ.എഫ്.ഡബ്ല്യൂ എന്നിവർ ചേർന്ന് പ്രൊജക്ട് എഗ്രിമെന്റ് ഒപ്പുവയ്ക്കുന്നതിന് അനുമതി നൽകി.
സേവനകാലാവധി ദീർഘിപ്പിക്കും
സാമൂഹ്യ നീതി വകുപ്പിന്റെ കീഴിൽ ആരംഭിച്ച മെയിന്റിനൻസ് ട്രൈബ്യൂണലുകളിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തുവരുന്ന 25 ടെക്നിക്കൽ അസിസ്റ്റന്റ്മാരുടെ സേവനം ഒരു വർഷത്തേയ്ക്കു കൂടി ദീർഘിപ്പിക്കാൻ തീരുമാനിച്ചു.
സർക്കാർ ഗ്യാരണ്ടി
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിന് ഹഡ്കോയിൽ നിന്ന് 3600 കോടി രൂപ വായ്പ എടുക്കാൻ വിഴിഞ്ഞം അന്താരാഷ്ട്ര സീ പോർട്ട് ലിമിറ്റഡിന് സംസ്ഥാന സർക്കാർ ഗ്യാരണ്ടി നൽകും.