തിരുവനന്തപുരം
ശബരിമല മാസ്റ്റർ പ്ലാനിൽ വിഭാവനം ചെയ്ത പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടപ്പാക്കാൻ ശബരിമല വികസന അതോറിറ്റിക്ക് രൂപം നൽകും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.വെർച്വൽ ക്യൂ ബുക്കിങ് സമയത്തെ നെയ്യഭിഷേകം ആവശ്യമാണോയെന്ന് രേഖപ്പെടുത്താൻ അവസരം നൽകും. ഇവർക്ക് പുലർച്ചെയുള്ള സ്ലോട്ട് നൽകും. പമ്പമുതൽ സന്നിധാനംവരെയും പതിനെട്ടാം പടിയിലും ശ്രീകോവിലിനുമുമ്പിലും ആർഎഫ്ഐഡി സ്കാനറുകൾ സ്ഥാപിക്കും. വെർച്വൽ ക്യൂ രജിസ്ട്രേഷൻ സമയത്തുതന്നെ ഇടത്താവളങ്ങളെക്കുറിച്ചും മറ്റുമുള്ള വിവരങ്ങൾ സന്ദേശമായെത്തും. ബുക്കിങ് മുതൽ പ്രസാദ വിതരണംവരെയുള്ള കാര്യങ്ങൾ ഡിജിറ്റലൈസ് ചെയ്യാൻ സോഫ്റ്റ്വെയർ തയ്യാറാക്കും. ക്യുആർ കോഡടങ്ങിയ പാസനുവദിക്കും. ഓട്ടോമാറ്റിക് ക്യുആർ കോഡ്, ഓട്ടോമാറ്റിക് സ്കാനറുകൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ഒരു മാസത്തിനകം റിപ്പോർട്ട് നൽകാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് നിർദേശം നൽകി.
പണമിടപാടുകൾ ഡിജിറ്റൽ സംവിധാനത്തിലാക്കും. വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യുമ്പോൾ കൂപ്പൺ ഡൗൺലോഡ് ചെയ്യാൻ ക്രമീകരണമുണ്ടാക്കും.
വൈദ്യുതിവിതരണം തടസ്സപ്പെടാതിരിക്കാനും സംവിധാനമുണ്ടാക്കും. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾ, ടോയ്ലെറ്റ് കോംപ്ലക്സുകൾ എന്നിവിടങ്ങളിൽ സ്പെഷ്യൽ ഡെബിറ്റ് കാർഡുകൾ ലഭ്യമാക്കാൻ ബാങ്കുകളുമായി ചർച്ചനടത്തും. ഇ––ഹുണ്ടികയും ടോയ്ലെറ്റ് കോംപ്ലക്സിലെ യൂസർ ഫീ, പാർക്കിങ് ഫീസ് എന്നിവ ഓൺലൈനാക്കും.
ഡോളി, കൗണ്ടറുകൾ എന്നിവ സംബന്ധിച്ച് വിവിധ ഭാഷകളിലുള്ള ബോർഡുകൾ സ്ഥാപിക്കും. വിജിലൻസ് ഉദ്യോഗസ്ഥരെ സന്നിധാനം, പമ്പ, നിലയ്ക്കൽ, എരുമേലി എന്നിവിടങ്ങളിൽ വിന്യസിക്കും. തമിഴ്നാട്, കർണാടകം, ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾക്ക് നിലയ്ക്കലിൽ ഗസ്റ്റ്ഹൗസ് നിർമിക്കാൻ സ്ഥലം വിട്ടുനൽകുന്നത് ആലോചിക്കും. പമ്പ, നിലയ്ക്കൽ, എരുമേലി എന്നിവിടങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ സ്ഥിരമായി ഒരുക്കും. പത്തനംതിട്ടയിലും സമീപ ജില്ലകളിലും ഇടത്താവളമായി ഉപയോഗിക്കാവുന്ന പരമാവധി സ്ഥലങ്ങൾ കണ്ടെത്തും. പമ്പയിലെ കോളിഫോം ബാക്ടീരിയ ഉൾപ്പെടെയുള്ളവ തടയാൻ പരിശോധന നടത്താനും മുഖ്യമന്ത്രി നിർദേശിച്ചു. മന്ത്രിമാരായ കെ രാധാകൃഷ്ണൻ, കെ രാജൻ, വീണാ ജോർജ്, ആന്റണി രാജു എന്നിവർ സംസാരിച്ചു.