അരൂർ > മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. ദേശീയപാതയിൽ ചന്തിരൂർ മെഴ്സി സ്കൂളിന് സമീപം ചൊവ്വാഴ്ച പുലർച്ചെ മൂന്നോടെയായിരുന്നു അപകടം. ആലപ്പുഴ,പുന്നപ്രയിൽ നിന്ന് തോപ്പുംപടിയിലെ ഫിഷിങ് ഹാർബറിലേക്ക് പോകുകയായിരുന്നു തൊഴിലാളികൾ. കടലിൽ മത്സ്യബന്ധനത്തിന് പോകുന്നതിനു വേണ്ടിയാണ് ഇവർ തോപ്പുംപടി ഹാർബറിലേക്ക് യാത്രതിരിച്ചത്. ചാറ്റൽ മഴ ഉണ്ടായിരുന്ന സമയത്ത് ബസ് നിയന്ത്രണം തെറ്റി മീഡിയനിൽ ഇടിച്ചു കയറിമറിയുകയായിരുന്നു.41 പേരാണ് ബസ്സിൽ ഉണ്ടായിരുന്നത്.
പുന്നപ്ര സ്വദേശികളായ ആൻറണി (62),തോമസ് (54), റോയ് (42),ജോർജ് (52 ),ബിജു (46), പോൾ (52),ജോസഫ് തോമസ് (53),അലോഷ്യസ് (52), ജോൺ ജോസഫ് (52 ),എ പി ജോസഫ് (50),സോണി (46),ബൈജു (58), ക്ലീറ്റസ് (62 ), വർഗീസ് (67), സെബാസ്റ്റ്യൻ (58), ജയിംസ് (62),ഷൈബി (52 ),സെബാസ്റ്റ്യൻ (42), തങ്കച്ചൻ (62 ), ബിനു (42),തോമസ് (64), ഫ്രാങ്ക്ലിൻ (51), ബിജു (36), അനീഷ് (41)ജീവൻ (38),യേശുദാസ് (42), സജി ജോർജ് (43)സേവ്യർ (62), എന്നിവരെ തുറവൂർ ഗവ: ആശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് നീക്കി.പുന്നപ്ര സ്വദേശികളായ കറുകപ്പറമ്പിൽ സെബാസ്റ്റിൻ (49),പുതുവൽ നിവർത്തിൽ കോശി (41),സെബാസ്റ്റ്യൻ (62),പാക്കനാമുറി ഗിരീഷ് (46), എഡിസൻ (49)എന്നിവരെ നെട്ടൂർ ലെക് ഷോർആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അരൂർ അഗ്നി രക്ഷാ സേനയും, അരൂർ പോലീസും ,ബസ് മറിഞ്ഞ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.യന്ത്രസഹായത്തോടെ പുലർച്ചെതന്നെ ബസ്പൊക്കിമാറ്റി. ദേശീയപാതയിൽ നിലവിൽ വെളിച്ചമില്ലാത്തത് രക്ഷപ്രവർത്തനത്തിന്ഏറെ ക്ലേശിക്കേണ്ടിവന്നു.ആകാശപാത നിർമ്മാണത്തിന് വേണ്ടി വിളക്ക് കാലുകൾ എല്ലാം നീക്കിയത് മൂലമാണിത് .അപകടത്തെ തുടർന്ന് രണ്ടുവരിപ്പാത ഗതാഗതം ഏറെ നേരം സ്തംഭിച്ചു.