തൃശൂർ> അമ്മയുടെ സഹോദരനെ കൊന്ന കേസിൽ പ്രതിക്ക് ജീവപരന്ത്യം ശിക്ഷ. ഇതിനുപുറമെ 10 വർഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചു. രണ്ടാംപ്രതി ഒറ്റപ്പാലം പാലപ്പുറം സ്വദേശി വിളക്കത്തറ അനിൽകുമാറിനെയാണ് (44) തൃശൂർ ഒന്നാം അഡീ ജില്ലാ ജഡ്ജ് പി എൻ വിനോദ് ശിക്ഷിച്ചത്. കേസിൽ ഒന്നാം പ്രതി അജിത് കുമാർ ആത്മഹത്യ ചെയ്തിരുന്നു.
2012 ജൂൺ 13നാണ് സംഭവം. വിയ്യൂർ ജയിലിനടുത്ത് ബാർബർ ഷോപ്പ് നടത്തിയിരുന്ന അമ്മാവൻ സുധാകരനെ അനിൽകുമാറും സഹോദരൻ അജിത് കുമാറും പണം ആവശ്യപ്പട്ട് നിരന്തരം സന്ദർശിച്ചിരുന്നു. സംഭവ ദിവസം വൈകീട്ട് അഞ്ചിന് ബാർബർ ഷോപ്പിലെത്തിയ പ്രതികൾ സുധാകരനു ഷേവ് ചെയ്ത് കൊടുക്കാമെന്ന് പറഞ്ഞ് കസേരയിലിരുത്തി കഴുത്തിൽ ഷേവിങ് ട്രിമ്മറിന്റെ വയർ ചുറ്റി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഷേവിങ്ങ് ബ്ലേഡ് ഉപയോഗിച്ച് കഴുത്ത് മുറിച്ച് മരണം ഉറപ്പാക്കി. സുധാകരന്റെ കഴുത്തിലുണ്ടായിരുന്ന സ്വർണ്ണമാല , മോതിരം കടയിലുണ്ടായിരുന്ന പണമടങ്ങിയ പേഴ്സ് എന്നിവ എടുത്തശേഷം കടയുടെ ഷട്ടറടച്ച് രക്ഷപ്പെട്ടു. കട അടഞ്ഞു കിടക്കുന്നത് കണ്ട് സംശയംതോന്നിയ ചിലർ മരിച്ചയാളുടെ മക്കളെ അറിയിച്ചു. അവരെത്തി കട തുറന്നപ്പോഴാണ് ചോരയിൽ കുളിച്ച് കിടന്ന സുധാകരനെ കണ്ടെത്തിയത്.
വിയ്യൂർ സ്റ്റേഷൻ ചാർജ് ഉണ്ടായിരുന്ന പേരമംഗലം സിഐ ടി ആർ രാജീവാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. മരണാനന്തര ചടങ്ങിലടക്കം പങ്കെടുത്ത പ്രതികളെ പറ്റി തുടക്കത്തിൽ സംശയം തോന്നിയിരുന്നില്ല. പ്രതികൾ കടയിലെത്തിയത് കണ്ടവരുടെ മൊഴിയും വിരലടയാളം അടക്കമുള്ള ശാസ്തീയ തെളിവുകളും നിർണായകമായി. വിചാരണ തുടങ്ങിയശേഷം ഒന്നാം പ്രതി അജിത് കുമാർ ആത്മഹത്യ ചെയ്തിരുന്നു. രണ്ടാം പ്രതി ഒളിവിൽ പോയി. ഇക്കാലത്ത് പോക്സോ കേസിൽപ്പെട്ട രണ്ടാം പ്രതിയെ തൃശൂർ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. വിചാരണ തടവുകാരനായാണ് വിചാരണ പൂർത്തിയാക്കിയത്.
സ്വർണത്തിനും പണത്തിനും വേണ്ടി അമ്മാവനെ കൊലപ്പെടുത്തിയ പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്നും തക്കശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെ ബി സുനിൽകുമാർ , ലിജി മധു എന്നിവർ ഹാജരായി.