ഭീമനടി (കാസർകോട്)> ഈസ്റ്റ് എളേരി പഞ്ചായത്തിൽ കോൺഗ്രസിന് ഭരണം നഷ്ടമായി. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി വിനീത് ജോസഫിനെതിരെ മത്സരിച്ച വിമതൻ അഡ്വ. ജോർജ് ജോസഫ് മുത്തോലി വിജയിച്ചു. സിപിഐ എമ്മിന്റെ രണ്ട് അംഗങ്ങളടക്കം ഒമ്പത് പേർ അദ്ദേഹത്തെ പിന്തുണച്ചു.
കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥി വിനീത് ജോസഫിന് ഏഴ് വോട്ടാണ് ലഭിച്ചത്. നേരത്തെ കോൺഗ്രസിൽ നിന്ന് വിഘടിച്ച് രൂപീകരിച്ച ഡിഡിഎഫാണ് പഞ്ചായത്ത് ഭരിച്ചിരുന്നത്. ഇവർ കോൺഗ്രസിൽ ലയിച്ചതോടെ പ്രസിഡന്റ് ജെയിംസ് പന്തമക്കാൽ രാജിവെച്ചു. തുടർന്നാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.
ഡിഡിഎഫിന് ഏഴ് അംഗങ്ങളുണ്ടായിരുന്നു. ഇവരുടെ കൂട്ടത്തിലുള്ള വിനീത് ജോസഫിനെ പ്രസിഡന്റാക്കാനുള്ള ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കാതെ വിമത വിഭാഗം സഥാനാർഥിയെ നിർത്തുകയായിരുന്നു.