എലത്തൂർ (കോഴിക്കോട്)> ആലപ്പുഴ- കണ്ണൂർ എക്സിക്യുട്ടീവ് എക്സ്പ്രസിൽ യാത്രക്കാരെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ച സംഭവത്തിൽ സുരക്ഷാ വിഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് ചെന്നൈയിൽ നിന്നെത്തിയ ആർപിഎഫ് പ്രിൻസിപ്പൽ സെക്യൂരിറ്റി കമ്മീഷണർ ജി എം ഈശ്വരറാവു എലത്തൂരിൽ പറഞ്ഞു. തീവെപ്പുണ്ടായ എലത്തൂരിലെ റയിൽവേട്രാക്കും മൂന്നു പേർ മരിച്ച സ്ഥലവും സന്ദർശിച്ച ശേഷം വാർത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ട്രെയിൻ യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കാൻ റെയിൽവേ മുന്തിയ പരിഗണന നൽകും. സുരക്ഷ വർധിപ്പിക്കുന്നതിന് കൂടുതൽ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും. നിലവിൽ എ ക്ലാസ് വിഭാഗത്തിലെ പ്രധാന സ്റ്റേഷനുകളിൽ മാത്രമാണ് നിരീക്ഷണ ക്യാമറകൾ ഉള്ളത്. ചെറിയ സ്റ്റേഷനുകൾ ഉൾപ്പെടെയുള്ള എല്ലാ റെയിൽവേ സ്റ്റേഷനുകളിലും ക്യാമറ സ്ഥാപിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. റെയിൽവേയിൽ മാനവവിഭവത്തിന്റെ കുറവുണ്ട്. അത് പരിഹരിക്കാനുള്ള ശ്രമം നടന്നുവരികയാണ്.
സംഭവത്തിൽ റെയിൽവേയുടെ ഭാഗത്ത് അലംഭാവമുണ്ടായോയെന്ന് പരിശോധിക്കും. കേസന്വേഷിക്കുന്ന സംസ്ഥാനപൊലീസുമായി സഹകരിച്ചാണ് അന്വേഷണം മുന്നോട്ട് പോവുന്നത്. ആർപിഎഫ് ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. അന്വേഷണസംഘത്തിനാവശ്യമായ വിവരങ്ങളും എല്ലാവിധ സഹായങ്ങളും നൽകുന്നുണ്ട്. സംഭവത്തിൽ തീവ്രവാദമുണ്ടോ എന്ന് പറയേണ്ടത് അന്വേഷണ സംഘമാണ്. കേസിന്റെ വിവിധ വശങ്ങൾ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് റെയിൽവേ ഡിവിഷൻ സെക്യൂരിറ്റി കമ്മീഷണർ അനിൽ കുമാർ എസ് നായർ, റെയിൽവേ പോലീസ് സിഐ സുധീർ മനോഹർ, എസ് ഐ അപർണ അനിൽകുമാർ എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.