പാലക്കാട്> അട്ടപ്പാടി ചിണ്ടക്കി സ്വദേശി ആദിവാസി യുവാവ് മധു ആള്ക്കൂട്ട മര്ദ്ദനത്തെ തുടര്ന്ന് കൊല്ലപ്പെട്ട കേസില് 16 പ്രതികളില് 14 പേരും കുറ്റക്കാരെന്ന് കണ്ടെത്തിയ മണ്ണാര്ക്കാട് പ്രത്യേക കോടതി വിധി സംസ്ഥാന സര്ക്കാരിന്റെ ഇടപെടലിന് കൂടിയുള്ള അംഗീകാരം. 2018 ഫെബ്രുവരി 22 നാണ് മധു കൊല്ലപ്പെടുന്നത്. കേസില് ആകെ 16 പ്രതികളാണ്. ഇതില് രണ്ടുപേര് കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെവിട്ടു. ഒരാള്ക്കെതിരെ നിസാരകുപ്പും ചുമത്തി. ബാക്കി 13 പേര്ക്കെതിരെ കുറ്റം നിലനില്ക്കുമെന്നും പട്ടികജാതിവര്ഗ അതിക്രമ നിരോധന നിയമം ചുമത്തി കുറ്റക്കാരെന്ന് കണ്ട് ബുധനാഴ്ച ശിക്ഷ പറയാന് മാറ്റിവെക്കുകയും ചെയ്തു.
ഇവരെ സബ്ജയിലിലേക്ക് മാറ്റുകയും ചെയ്തു. വളരെ ചുരുങ്ങിയ സമയം കൊണ്ട് വിചാരണ പൂര്ത്തിയാക്കി വിധി പറയുന്ന കേസ് എന്ന പ്രത്യേകതയും മധു കേസിനുണ്ട്. പ്രതികള്ക്ക് പരാമാവധി ശിക്ഷ കിട്ടുമെന്ന് സ്പെഷ്യല് പ്രോസികൂട്ടര് രാജേഷ് എം മേനോന് പറഞ്ഞു. മധുവിന്റെ കുടുംബവും വിധിയില് തൃപ്തരാണ്. മധു കൊല്ലപ്പെട്ട ശേഷം സംസ്ഥാന സര്ക്കാര് പ്രതികള്ക്ക് ശിക്ഷ ഉറപ്പാക്കാനുള്ള എല്ലാ ശ്രമവും തുടര്ന്നു.
മധു കൊല്ലപ്പെട്ട ശേഷം അടുത്തമാസം മാര്ച്ചില് മുഖ്യമന്ത്രി പിണറായി വിജയന്, അന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്, മന്ത്രിയായിരുന്ന എ കെ ബാലന് എന്നിവര് മധുവിന്റെ കുടുംബത്തെ സന്ദര്ശിച്ച് നിതി ലഭിക്കുമെന്ന് ഉറപ്പ് നല്കിയിരുന്നു. അന്ന് നല്കിയ ഉറപ്പ് സര്ക്കാര് പാലിച്ചു. കേസില് ഒരുതരത്തിലുള്ള ഇടപെടലും നടത്താതെ പ്രതികള്ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാനുള്ള ശ്രമമാണ് സര്ക്കാര് നടത്തിയത്.
ആദ്യം നിശ്ചയിച്ച പ്രോസിക്യൂട്ടര് കേസ് ഏറ്റെടുക്കാതെ പിന്മാറിയപ്പോള് ഹൈക്കോടതിയിലെ മുതിര്ന്ന അഭിഭാഷകരെ പ്രോസിക്യൂട്ടര്മാരായി നിശ്ചയിച്ചു. മധുവിന്റെ കുടുംബത്തിന്റെ അഭിപ്രായം കൂടി പരിഗണിച്ചായിരുന്നു ഇത്. എന്നാല് 127 സാക്ഷികളില് 24 പേര് കൂറുമാറി കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന് കണ്ടപ്പോള് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് മധുവിന്റെ കുടുംബം സര്ക്കാരിനോട് ആവശ്യപ്പെട്ടു. അതും പരിഗണിച്ച് ഉടന്തന്നെ അസിസ്റ്റന്റ് പ്രോസിക്യൂട്ടറായ രാജേഷ് എം മേനോനെ സ്പെഷ്യല് പ്രോസിക്യൂട്ടറായി നിയമിച്ചു. ഇദ്ദേഹമാണ് വിധിവരുംവരെ കേസില് ഹാജരായത്. സാക്ഷികള് കൂറുമാറുന്നത് കണ്ടെത്താന് പൊലീസ് നടത്തിയ ഇടപെടലും പ്രശംസനീയമാണ്.
പ്രതികള്ക്ക് ഹൈക്കോടതി നല്കിയ ജാമ്യം കീഴ്കോടതി റദ്ദാക്കുക എന്ന അസാധാരണമായ സംഭവവും മധുകേസില് കണ്ടു. സാക്ഷികളെ സ്വാധീനിച്ചത് തെളിഞ്ഞതോടെയാണ് ജാമ്യം റദ്ദാക്കിയത്. അഗളി ഡിവൈഎസ്പി എന് മുരളീധരന്റെ നേതൃത്വത്തില് വിശ്രമമില്ലാതെ നടത്തിയ അന്വേഷണമാണ് പണവും ഭീഷണിയും ഉപയോഗിച്ച് സാക്ഷികളെ കൂറുമാറ്റിയത് കണ്ടെത്തിയത്. തുടര്ന്നാണ് പ്രതികളുടെ ജാമ്യം റദ്ദാക്കാന് കോടതിയില് ഹര്ജി നല്കിയത്. 11 പ്രതികളുടെ ജാമ്യം റദ്ദാക്കി ഇവരെ ജയിലിടച്ചു. വീണ്ടും ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിചാരണ കോടതിയില് പോകാനായിരുന്നു നിര്ദ്ദേശം.