കൊച്ചി > ഛത്തീസ്ഗഢ്, ആന്ധ്ര, തെലങ്കാന, കൊൽക്കത്ത ഹൈക്കോടതികളുടെ ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ (63) അന്തരിച്ചു. അർബുദബാധിതനായി കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊല്ലം തേവള്ളി മരാമത്ത് വീട്ടിൽ എൻ ഭാസ്കരൻനായരുടെയും പാറുക്കുട്ടിയമ്മയുടെയും മകനാണ്. നിലവിൽ കൊച്ചി എളമക്കര ബിടിഎസ് റോഡിലാണ് താമസിക്കുന്നത്.
2004 ഒക്ടോബർ 14ന് കേരള ഹൈക്കോടതിയിൽ ജഡ്ജിയായ തോട്ടത്തിൽ ബി രാധാകൃഷ്ണൻ പിന്നീട് ആക്ടിങ് ചീഫ് ജസ്റ്റിസായും സേവനമനുഷ്ഠിച്ചു. ജനങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങൾ പരിഹരിക്കാൻ അധികൃതർ വീഴ്ച വരുത്തിയാൽ അത്തരം പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരം കാണാൻ എന്നും ശ്രദ്ധിച്ചിരുന്ന ന്യായാധിപനാണ്. കേരള ലീഗൽ സർവീസസ് അതോറിറ്റി എക്സിക്യൂട്ടീവ് ചെയർമാനും ബഫർസോൺ പ്രശ്നത്തിൽ സർക്കാർ രൂപീകരിച്ച വിദഗ്ധസമിതിയുടെ അധ്യക്ഷനുമായിരുന്നു.
വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാൻ കനത്ത മഴയത്ത് തന്റെ വസതിക്കു മുന്നിലെ ഓട വൃത്തിയാകാൻ കൈക്കോട്ടുമായി ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണണൻ രംഗത്തിറങ്ങിയത് വലിയ വർത്തയായിരുന്നു. സാധാരണക്കാരുടെ പ്രശ്നങ്ങളിൽ നേരിട്ട് ഇടപെടുകയും മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസ് എടുക്കുകയും ചെയ്ത ഒട്ടേറെ സംഭവങ്ങൾക്ക് അദേഹത്തിന്റെ സേവന കാലം സാക്ഷ്യം വഹിച്ചിട്ടുണ്ട്.
കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായിരിക്കെ 2017 മാർച്ച് പതിനെട്ടിനാണ് ഛത്തീസ്ഗഢ് ഹൈക്കോടതി ചീഫ് ജസ്റ്റിസായത്. പിന്നീട് ആന്ധ്ര ഹൈക്കോടതി ചീഫ് ജസ്റ്റിസായും സേവനമനുഷ്ഠിച്ചു. 2019 ജനുവരി ഒന്നിന് തെലങ്കാന ഹൈക്കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസായി. 2019 ഏപ്രിൽ ഏഴിനാണ് കൊൽക്കത്ത ചീഫ് ജസ്റ്റിസായത്. രണ്ടുവർഷത്തെ കൊൽക്കത്തയിലെ ഔദ്യോഗിക ജീവിതശേഷം 2021 ഏപ്രിലിൽ വിരമിച്ചു.
അഭിഭാഷകരും കൊല്ലം സ്വദേശികളുമായ എൻ ഭാസ്കരൻനായരുടെയും പാറുക്കുട്ടിയമ്മയുടെയും മകനായി 1959 ഏപ്രിൽ 29ന് ജനിച്ച തോട്ടത്തിൽ ബി രാധാകൃഷ്ണൻ, കൊല്ലം സെന്റ് ജോസഫ്സ് കോൺവന്റ് സ്കൂൾ, ഗവ. ബോയ്സ് ഹൈസ്കൂൾ, പട്ടത്തെ ആര്യ സെൻട്രൽ സ്കൂൾ, ട്രിനിറ്റി ലൈസിയം ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ഫാത്തിമ മാതാ നാഷണൽ കോളേജിലെ ഉപരിപഠനശേഷം കോളാറിലെ കെജിഎഫ് ലോ കോളേജിൽനിന്ന് നിയമബിരുദം നേടി. 1983ൽ അഭിഭാഷകനായി എൻറോൾചെയ്തശേഷം തിരുവനന്തപുരത്താണ് പ്രാക്ടീസ് ആരംഭിച്ചത്. 1988ൽ ഹൈക്കോടതി അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. ഭാര്യ: മീരസെൻ. മക്കൾ: പാർവതിനായർ, കേശവരാജ്നായർ.