കൊല്ലം
‘ഏക പ്രതീക്ഷ സബ്സിഡി മണ്ണെണ്ണയാണ്. അതിപ്പൊ ഓരോവർഷവും ഇങ്ങനെ വെട്ടിക്കുറച്ചാൽ എങ്ങനെ കടലിൽപോകും. പണിയെടുത്ത് ജീവിക്കാൻ സമ്മതിക്കില്ലേൽ എന്തുചെയ്യും’–-മൂന്നു പതിറ്റാണ്ടായി കൊല്ലത്ത് പരമ്പരാഗത മീൻപിടിത്തം നടത്തുന്ന വാടി കല്ലേലി വയൽപ്പുരയിടത്തിൽ ബിജു സെബാസ്റ്റ്യന്റെ വാക്കുകളിൽ രോഷത്തിന്റെ കടലിരമ്പം. കേരളത്തിന് അർഹമായ മണ്ണെണ്ണ വിഹിതം വീണ്ടും വെട്ടിക്കുറച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ പ്രതിഷേധം പടരുകയാണ്. നടപ്പ് സാമ്പത്തിക വർഷത്തേക്കുള്ള മണ്ണെണ്ണ വിഹിതമാണ് കേന്ദ്രം വെട്ടിയത്. കഴിഞ്ഞ വർഷവും പകുതിയോളം കുറച്ചു. അതിൽനിന്നാണ് വീണ്ടും കുറച്ചത്. ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായാണിതെന്നാണ് ന്യായീകരണം.
പൊതുവിതരണ സമ്പ്രദായം (പിഡിഎസ്)വഴി നൽകിയിരുന്ന മണ്ണെണ്ണ വിഹിതം 3888 കിലോ ലിറ്റർ (38.88 ലക്ഷം ലിറ്റർ)1944 കിലോ ലിറ്ററായും മീൻപിടിത്ത മേഖലയ്ക്ക് നോൺ പിഡിഎസ് വിഹിതമായി ലഭിച്ചിരുന്ന 2160 കിലോ ലിറ്റർ 1296 കിലോ ലിറ്ററായുമാണ് കേന്ദ്രം കുറച്ചത്. ഈ സാമ്പത്തിക വർഷം ആദ്യ മൂന്നുമാസത്തേക്കുള്ള വിഹിതം അറിയിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയം സംസ്ഥാനങ്ങൾക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2021 –-22ൽ 6480 കിലോ ലിറ്റർ ആയിരുന്ന കേരളത്തിന്റെ പിഡിഎസ് വിഹിതം 2022–-23ൽ 3888 കിലോലിറ്ററാക്കി.
കേരളത്തിലെ പരമ്പരാഗത മീൻപിടിത്ത മേഖലയിൽ പെട്രോളും ഡീസലും ഉപയോഗിക്കുന്ന വള്ളങ്ങൾ പരിമിതമാണ്. പതിനാലായിരത്തിൽപ്പരം ഔട്ട്ബോർഡ് എൻജിൻ ഘടിപ്പിച്ച ബോട്ടുകൾക്ക് കഴിഞ്ഞവർഷം മൂന്നുമാസമാണ് പെർമിറ്റ് മണ്ണെണ്ണ ലഭിച്ചത്. കൂടിയ വിലയ്ക്ക് കരഞ്ചന്തയിൽനിന്ന് മണ്ണെണ്ണ വാങ്ങേണ്ടിവരും. കേന്ദ്ര സർക്കാർ നടപടി പരമ്പരാഗത മത്സ്യമേഖലയ്ക്ക് കനത്ത തിരിച്ചടിയാകും. നീല സമ്പദ്ഘടന (ബ്ലൂ ഇക്കണോമി)നടപ്പാക്കുന്നതോടെ കടലും അനുബന്ധ സമ്പത്തും കുത്തകകൾ കൈയടക്കുമെന്ന ആശങ്കയുമുണ്ട്. റേഷൻകടകൾ വഴി മൂന്നുമാസത്തിൽ ഒരിക്കൽ വിതരണംചെയ്യുന്ന അര ലിറ്റർ മണ്ണെണ്ണയും ഇനി അതേഅളവിൽ ലഭിക്കില്ല.