ശാന്തൻപാറ> കുങ്കി ആനകളെ പാർപ്പിച്ചിടത്തേക്ക് വന്ന അരിക്കൊമ്പനെ തുരത്തി. ഞായർ പകൽ ഒന്നോടെയാണ് സിമന്റ് പാലത്തിനടുത്ത് അരിക്കൊമ്പനെത്തിയത്. പിടിയാനയും കുട്ടിയാനകളും ഒപ്പമുണ്ടായിരുന്നു. വനപാലകരും ഒപ്പമുള്ളവരും പടക്കം പൊട്ടിച്ചും ബഹളംവെച്ചുമാണ് ആനക്കൂട്ടത്തെ ഓടിച്ചത്.
വൈകിട്ട് കുങ്കി താവളത്തിന് സമീപമാണ് കാട്ടാനക്കൂട്ടം നിലയുറപ്പിച്ചത്. ശനി വൈകിട്ട് ആറരയ്ക്ക് കുങ്കിയാനയായ കോന്നി സുരേന്ദ്രന്റെ തൊട്ടുപിന്നിലെത്തിയപ്പോഴും വനപാലകർ പടക്കമെറിഞ്ഞ് തുരത്തി. മഴപെയ്തതോടെ ഇളം പുല്ല് തിന്നാനാണ് ഇവ എത്തിയത്. വയനാട്ടിൽനിന്നുമുള്ള ദ്രുത പ്രതികരണസംഘം സ്ഥലത്തെത്തി കുങ്കി ആനകൾക്ക് കൂടുതൽ സുരക്ഷ ഒരുക്കി.
വാച്ചർമാരും കുങ്കികളുടെ പാപ്പാന്മാരും അരിക്കൊമ്പന്റെ നീക്കം ജാഗ്രതയോടെ നിരീക്ഷിക്കുന്നുണ്ട്. അരിക്കൊമ്പൻ ആനക്കൂട്ടത്തിനൊപ്പമുള്ളതിനാൽ ഇരുചക്രവാഹനത്തിൽ ആനയിറങ്കൽ വഴി വരുന്നവർ കൂടുതൽ ശ്രദ്ധിക്കണമെന്നും വനംവകുപ്പ് അറിയിച്ചു.