മാനന്തവാടി> ഏഷ്യാനെറ്റ് ന്യൂസ് വ്യാജവാർത്തകൾ സൃഷ്ടിച്ച് തന്നെ മനഃപൂർവം അപകീർത്തിപ്പെടുത്താനുള്ള ശ്രമം തുടരുകയാണെന്ന് മന്ത്രി വീണാ ജോർജ്. മന്ത്രിക്കെതിരെ ഓർത്തഡോക്സ് സഭ യുവജന വിഭാഗത്തിന്റെ പോസ്റ്റർ എന്ന ഏഷ്യാനെറ്റ് വാർത്തയെക്കുറിച്ച് മാനന്തവാടിയിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
‘‘ഏഷ്യാനെറ്റ് ന്യൂസിൽ മാത്രമായിരുന്നു വാർത്ത. അന്വേഷിച്ചപ്പോൾ എല്ലാവർക്കും ഒരേ സോഴ്സിൽനിന്ന് വീഡിയോ പോയിട്ടുണ്ട്. ആ സോഴ്സ് ഏഷ്യാനെറ്റ് ന്യൂസിന്റെ പത്തനംതിട്ടയിലെ റിപ്പോർട്ടറാണ്. രാത്രിയിൽ ഏഷ്യാനെറ്റ് ന്യൂസിലെ സ്റ്റാഫ് അടക്കമുള്ള രണ്ടുപേർ രണ്ടുമൂന്ന് സ്ഥലങ്ങളിൽ പോകുന്നു. കാമറകൊണ്ട് എടുത്തതല്ലെന്ന് വരുത്തിത്തീർക്കാൻ മൊബൈലിൽ വിഷ്വലെടുക്കുന്നു. എന്നിട്ട് എല്ലാവർക്കും അയക്കുന്നു. ഇത് ലജ്ജാകരമാണ്. 2016ലും സമാന സംഭവം നടന്നു. ആറന്മുളയിൽ എൽഡിഎഫ് സ്ഥാനാർഥിയായപ്പോൾ ഇതുപോലൊരു പോസ്റ്റർ പ്രത്യക്ഷപ്പെട്ടതായി വാർത്തവന്നു. ഏഷ്യാനെറ്റ് ന്യൂസിന്റെ റിപ്പോർട്ടറാണ് അന്നും മറ്റുള്ളവർക്ക് വിഷ്വൽ അയച്ചത്. അതിന്റെ തെളിവുകൾ ഇപ്പോഴും കൈയിലുണ്ട്. പോസ്റ്റർ ഒട്ടിച്ച് വ്യാജ വാർത്ത സൃഷ്ടിച്ചത് മതിയായില്ലേയെന്നാണ് ചോദിക്കാനുള്ളത്’’– മന്ത്രി പറഞ്ഞു.
പേരൊന്നും ഇല്ലാത്ത പോസ്റ്ററാണ് ഇപ്പോഴത്തെ വാർത്തയിൽ. ‘യുവജനം’ എന്നാണ് അതിലുള്ളത്. അങ്ങനെയൊരു സംഘടന ഓർത്തഡോക്സ് സഭക്കുള്ളതായി അറിയില്ല. പിറകെനടന്ന് ഏഷ്യാനെറ്റ് ന്യൂസ് ഉപദ്രവിക്കുകയാണ്. അരാണ് ഇത് ചെയ്യുന്നതെന്നുമറിയാം. വ്യാജവാർത്തകൾ സൃഷ്ടിച്ച് സ്വയം അപഹാസ്യരാകുന്നത് ഇനിയെങ്കിലും നിർത്തണമെന്നും മന്ത്രി പറഞ്ഞു.