ന്യൂഡല്ഹി> ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ഓഫ് ഇന്ത്യ കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില് വിവിധ ആവശ്യങ്ങള് ഉന്നയിച്ച് ന്യൂഡല്ഹിയില് പാര്ലമെന്റിന് സമീപം ജന്തര് മന്ദിറില് ഏപ്രില് നാലാം തീയതി ബാങ്ക് ജീവനക്കാര് ധര്ണ നടത്തും.
ബാങ്ക് സ്വകാര്യവല്ക്കരണ നീക്കം ഉപേക്ഷിക്കുക, ശാഖകളില് ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, പെന്ഷന് പരിഷ്കരണം നടപ്പിലാക്കുക, ഇടപാടുകാര്ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുക, എന്.പി.എസ്. നിര്ത്തലാക്കി പഴയ പെന്ഷന് പദ്ധതി എല്ലാവര്ക്കും ലഭ്യമാക്കുക, സഹകരണ മേഖലയ്ക്കെതിരായ അതിക്രമങ്ങള് അവസാനിപ്പിക്കുക, ഗ്രാമീണ ബാങ്കുകളുടെ ഓഹരികള് വിറ്റഴിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, പുറം കരാര്വല്ക്കരണം അവസാനിപ്പിക്കുക, താല്ക്കാലിക കരാര് ജീവനക്കാരെ സ്ഥിരപ്പെടുത്തുക എന്നീ ആവശ്യങ്ങള് ഉന്നയിച്ചാണ് ധര്ണ്ണ സംഘടിപ്പിക്കുന്നത്.
പാര്ലമെന്റ് അംഗങ്ങളും, വിവിധ കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും ബാങ്കിംഗ് സംഘടനകളുടെയും നേതാക്കളും ധര്ണയെ അഭിസംബോധന ചെയ്യും.