വൈക്കം> തമിഴ്നാട് മുൻ മുഖ്യമന്ത്രിയും എംജിആറിന്റെ ഭാര്യയുമായിരുന്ന ജാനകി രാമചന്ദ്രന്റെ വൈക്കം വലിയകവലയിലുള്ള കുടുംബവീട് എം കെ സ്റ്റാലിൻ സന്ദർശിച്ചു. ജാനകിയുടെ നൂറാം ജന്മദിനം ആഘോഷിക്കാൻ കുടുംബം ഒരുങ്ങുന്നതിനിടെയാണ് സ്റ്റാലിന്റെ സന്ദർശനം. എംജിആറിന്റെയും ജാനകിയുടെയും പ്രതിമയിൽ സ്റ്റാലിൻ പുഷ്പാർച്ചന നടത്തി. ജാനകിയുടെ കുടുംബാംഗങ്ങൾ സ്റ്റാലിനൊപ്പം ചിത്രമെടുത്തു.
“മണിമന്ദിരം’ എന്ന് പേരുള്ള വൈക്കത്തെ വീട്ടിൽ ജാനകിയുടെ സഹോദരൻ മണിയും കുടുംബാംഗങ്ങളും സ്റ്റാലിനെ സ്വീകരിക്കാൻ എത്തിയിരുന്നു. മണിയുടെ മക്കൾ ചെന്നൈയിൽ സ്ഥിരതാമസമാണെങ്കിലും വൈക്കത്തെ വീട്ടിൽ ഇടയ്ക്കിടെ വരാറുണ്ട്. തമിഴ്നാട് സ്വദേശി രാജഗോപാൽ അയ്യരുടെയും വൈക്കം സ്വദേശിനി നാരായണിഅമ്മയുടെയും മകളായി 1923 നവംബർ 30നാണ് ജാനകി വൈക്കത്ത് ജനിച്ചത്. 1962ലായിരുന്നു എംജിആറുമായുള്ള വിവാഹം. എംജിആറിന്റെ മരണശേഷം 1988ലാണ് ജാനകി 24 ദിവസം തമിഴ്നാട് മുഖ്യമന്ത്രിയായിരുന്നത്.