ഇരിങ്ങാലക്കുട> നുറുങ്ങുനർമങ്ങളിലൂടെ പ്രേക്ഷക മനസ്സിലേക്ക് ചേക്കേറിയ വേഷപ്പകർച്ചകൾ കൊത്തിവച്ച് മഹാനടൻ ഇന്നസെന്റിന്റെ കല്ലറ.
വെള്ളിത്തിരയിൽ അനശ്വരമാക്കിയ മുപ്പതോളം ചിത്രങ്ങളിലെ വേഷങ്ങളാണ് ഗ്രാനെറ്റിൽ എൻഗ്രേവ് ചെയ്ത് കല്ലറ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
റാംജി റാവു സ്പീക്കിങ്, മണിച്ചിത്രത്താഴ്, ദേവാസുരം, മിഥുനം, ഇഷ്ടം, പ്രാഞ്ചിയേട്ടൻ, കാബൂളിവാല, കല്ല്യാണരാമൻ, ആറാം തമ്പുരാൻ, നമ്പർ 20 മദ്രാസ് മെയിൽ, വെട്ടം, മനസ്സിനക്കരെ, ഇന്ത്യൻ പ്രണയകഥ, മാന്നാർ മത്തായി സ്പീക്കിങ്, മഴവിൽക്കാവടി, സന്ദേശം, നരേന്ദ്രൻ മകൻ ജയകാന്തൻ വക തുടങ്ങി മലയാളിമനസ്സുകളിൽ നിറഞ്ഞു നിൽക്കുന്ന കഥാപാത്രങ്ങളാണ് കല്ലറയിൽ പതിച്ചിട്ടുള്ളത്.
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ കിഴക്കേ പള്ളിയോട് ചേർന്നുള്ള സെമിത്തേരിയിലാണ് കല്ലറ ഒരുക്കിയത്. ഫിലിം റീലിന്റെ മാതൃകയിലുള്ള കല്ലറയിൽ വെളുത്ത ഗ്രാനേറ്റിനു മുകളിലായി ഇന്നസെന്റിന്റെ ചിരിക്കുന്ന ചിത്രമുണ്ട്. അതിന് ചുറ്റുമായി കറുത്ത ഗ്രാനേറ്റിലാണ് സിനിമയിലെ 30 ഓളം വേഷങ്ങളുള്ളത്. ഇന്നസെന്റിന്റെ പേരക്കുട്ടികളായ ജൂനിയർ ഇന്നസെന്റും അന്നയുമാണ് ഈ ആശയം അവതരിപ്പിച്ചത്. ടച്ച് എൻഗ്രെവ് ഉടമ രാധാകൃഷ്ണൻ ആശയം പ്രാവർത്തികമാക്കുകയായിരുന്നു. ഏഴാം ഓർമ ദിനത്തിലാണ് കല്ലറ പണികൾ പൂർത്തിയാക്കിയത്. ശനിയാഴ്ച രാവിലെ കത്തീഡ്രൽ ദേവാലയത്തിൽ ചടങ്ങുകൾക്കുശേഷം ഭാര്യ ആലീസ്, മകൻ സോണറ്റ്, മരുമകൾ രശ്മി, പേരക്കുട്ടികൾ എന്നിവർ കല്ലറയിലെത്തി തൊഴുതു.