കൊച്ചി> നാഷണൽ ലീഗൽ സർവ്വീസ് സൊസൈറ്റി (NALSA) പുതിയതായി കൊണ്ടുവന്ന ഡിഫൻസ് കൗൺസിൽ സംവിധാനത്തിനെതിരെ അഭിഭാഷക പ്രതിഷേധം ശക്തമാകന്നു.
അഭിഭാഷകരെ വെച്ച് നിയമ സേവനം ലഭിക്കാത്തവർക്ക് മാത്രമാണ് ഇതുവരെ സൗജന്യ നിയമ സഹായം നൽകാൻ ലീഗൽ സർവീസസ് അതോറിറ്റി നിയമ പ്രകാരം നടപടികൾ സ്വീകരിച്ചിരുന്നത്. സമൂഹത്തിലെ പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുള്ള അവകാശം കൂടിയാണ് അത്. ജുഡിഷ്യറിയാണ് നിലവിലെ ഡിഎൽഎസ്എ/ ടിഎൽഎസ്എ പാനൽ അഭിഭാഷകരിൽ നിന്ന് പേര് നൽകി ഈ പ്രക്രിയ നടത്തിവന്നിരുന്നത്.
എന്നാൽ ഈ രീതിക്ക് പകരമായി ഡിഫൻസ് കൗൺസിൽ സംവിധാനം നടപ്പിലാക്കുകയും , പ്രിസൈഡിംഗ് ഓഫീസർമാർക്ക് പകരം ഡിഎൽഎസ്എ സെക്രട്ടറിമാർക്ക് ഈ അധികാരം നൽകുകയും ചെയ്തതാണ് പുതിയ സ്കീമിലെ കാതലായ മാറ്റം.
ഇത് അപകടകരമായ നീക്കമാണെന്ന് ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി സി പി പ്രമോദ് പറഞ്ഞു.
നീതി നിഷേധിക്കപ്പെടുന്ന സാമൂഹ്യമായി പിന്നിൽ നിൽക്കുന്നവരിലും , പാവപ്പെട്ടവരിലും പെടുന്ന നീതിന്യായ വ്യവസ്ഥയുടെ സംരക്ഷണം ആവശ്യമായ പൗരൻമാർക്ക് സൗജന്യ നിയമ പരിരക്ഷ ലഭിക്കേണ്ടതാണ് എന്ന കാര്യത്തിൽ തർക്കമില്ല. പക്ഷെ, ലീഗൽ സർവീസസ് അതോറിറ്റി നിയമത്തിൽ യാന്ത്രികമായി വരുമാന പരിധി നിശ്ചയിച്ച് കുറ്റം ചെയ്തതായി ആരോപിക്കപ്പെടുന്ന മിക്ക പ്രതികൾക്കും സൗജന്യ നിയമ സഹായം ഔദ്യോഗികമായി തന്നെ നൽകുന്ന രീതിയിലാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത് എന്ന ആക്ഷേപം വ്യാപകമാവുകയാണ്.
നിയമ സഹായം ആവശ്യമുള്ളവർക്ക് നൽകുന്നതിന് പകരം പ്രതിയായി വരുന്ന എല്ലാവർക്കും സേവനം നൽകണമെന്ന് നാഷണൽ ലീഗൽ സർവ്വീസ് സൊസൈറ്റി ആവിഷ്കരിച്ച മാനദണ്ഡങ്ങളിലോ നിയമത്തിലോ നിഷ്കർഷിക്കുന്നില്ല.
പോലീസ് സ്റ്റേഷനിൽ അറസ്റ്റിനു മുമ്പ് സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് സുപ്രീം കോടതി നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം പ്രതികൾക്ക് നിയമോപദേശം നൽകുന്നതിന്റെ മറ പറ്റി , ലീഗൽ സർവീസസ് അതോറിറ്റികൾ ഈ ചുമതല ഡിഫൻസ് കൗൺസിൽ പാനലിനെ ഏകപക്ഷീയമായി ഏൽപ്പിച്ച് കൊടുക്കുകയും, അവർക്ക് ലീഗൽ സർവീസസ് അതോറിറ്റി നേരിട്ട് വേതനം നൽകുകയും ചെയ്യുന്ന സ്ഥിതിയാണെന്ന് പ്രമോദ് പറഞ്ഞു.
കേസ് ഏതായാലും,വിവേചനരഹിതമായി പ്രതികൾക്ക് സൗജന്യ നിയമ സഹായം നൽകുവാൻ ഒരു ഔദ്യോഗിക സംവിധാനം ഒരുക്കുന്നത് സമൂഹത്തിന് നൽകുന്ന സന്ദേശം എന്താണ് ? കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവർക്ക് എല്ലാം സൗജന്യമാവുമ്പോൾ അത് തെറ്റായ പ്രോൽസാഹനമായി മാറില്ലേ ?
പോലീസ് സ്റ്റേഷനിൽ നിന്ന് അറസ്റ്റിനു മുമ്പുള്ള നിയമ സേവനത്തിന്റെ മറവിൽ അഭിഭാഷകരെ ഒഴിവാക്കി ഔദ്യോഗിക സംവിധാനമായ ഡിഫൻസ് കൗൺസിലിന്റെ സേവനം മാത്രമായി പരിമിതപ്പെടുത്തുന്നത് വിവേചനപരമാണ്. ഈ തരത്തിൽ അഭിഭാഷക സമൂഹത്തോട് വിവേചന ബുദ്ധിയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ആ മേഖലയിൽ തൊഴിലെടുക്കുന്നവരിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ആർട്ടിക്കിൾ 22 ൽ പറയുന്ന പൗരന്റെ നിയമ സഹായത്തിനുള്ള അവകാശങ്ങളും , അഡ്വക്കെറ്റ്സ് ആക്ട് പ്രകാരമുള്ള അഭിഭാഷകരുടെ തൊഴിലെടുക്കാനുള്ള അവകാശവും സംരക്ഷിക്കപ്പെടണമെന്നാണ് ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ മുന്നോട്ട് വെക്കുന്ന നിലപാട്. അഭിഭാഷകരുടെ തൊഴിലെടുക്കാനുള്ള അവകാശ നിഷേധം ഉണ്ടാവുന്ന തരത്തിലേക്ക് ഈ പുതിയ പരിഷ്കാരം മാറ്റുന്നത് ശരിയല്ല‐ പ്രമോദ് പറഞ്ഞു.
ഡിഫൻസ് കൗൺസിൽ വിഷയവുമായി ഇപ്പോൾ ഉയർന്ന് വന്നിട്ടുള്ള പ്രശ്നങ്ങൾ അഭിഭാഷക സമൂഹവുമായി ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് യൂണിയൻ ആവശ്യപ്പെടുന്നു.
സർക്കാർ നീക്കത്തിനെതിരെ കോഴിക്കോട്ട് അഭിഭാഷക സംഘടനകളുടെ സംയുക്ത സമരസമിതി കൺവൻഷൻ ചേർന്നു. സർക്കാർ പണം ദുർവ്യയം ചെയ്യുന്ന ഡിഫൻസ് കൗൺസിൽ സംവിധാനം അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെപട്ടു. മാനഭംഗകേസുകളിൽ ഉൾപ്പെടെ ഡിഫൻസ് കൗൺസിൽ സംവിധാനം ദുരുപയോഗിക്കുന്നതായും കൺവൻഷൻ വിലയിരുത്തി.
കേസുകളിൽ ചീഫ് മിനിസ്റ്റീരിയൽ ഓഫീസർ മുമ്പാകെ അഭിഭാഷകർ ഹാരരാകേണ്ടി വരുന്ന സിഎംഒ സംവിധാനം അവസാനിപ്പിക്കണമെന്നും കൺവൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന കൺവൻഷനിൽ സമരസമിതി ചെയർമാൻ ശിവരാമകൃഷ്ണൻ അധ്യക്ഷനായി. ബാർ കൗൺസിൽ ചെയർമാൻ കെ എൻ അനിൽ കുമാർ മുഖ്യാതിഥിയായി. അഡ്വ. എം കെ ദിനേശൻ പ്രമേയവും റിപ്പോർട്ടും അവതരിപ്പിച്ചു. ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി അഡ്വ. സി പി പ്രമോദ്, സമരസമിതി കൺവീനർ ഫാസിൽ തുടങ്ങിയ സംസാരിച്ചു.