ആലപ്പുഴ
അയിത്തത്തിനും അനാചാരത്തിനുമെതിരായ പോരാട്ടത്തിനൊപ്പം മലയാളിയുടെ രുചിശീലങ്ങളിലേക്കുള്ള ഒരു ചരിത്രത്തിനുംകൂടി തുടക്കമിട്ടു വൈക്കം സത്യഗ്രഹം. കേരളത്തിലേക്ക് ചപ്പാത്തി ആദ്യമായി എത്തിയത് ഈ സമരത്തിന്റെ ഭാഗമായിട്ടായിരുന്നു. വൈക്കം സത്യഗ്രഹത്തിന് പഞ്ചാബിൽനിന്ന് ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയുടെ നിർദേശാനുസരണമെത്തിയ അകാലികളാണ് ചപ്പാത്തിയെ മലയാളിക്ക് സമ്മാനിച്ചത്. അമൃതസറിൽനിന്നെത്തിയ ലാൽസിങിന്റെ നേതൃത്വത്തിലെത്തിയവർ വൈക്കത്ത് സൗജന്യ ഭോജനശാല തുടങ്ങി.
കറാച്ചിയിൽനിന്ന് കൊച്ചിയിലെ പഴയ തുറമുഖത്ത് ഇറക്കിയ ഗോതമ്പ് അകാലികൾ പൊടിച്ച് വൈക്കത്ത് എത്തിച്ചു.
സമരപന്തലിനുസമീപത്തായി ചപ്പാത്തിയും പരിപ്പുകറിയും സത്യഗ്രഹികൾക്കും കാണാനെത്തിയവർക്കും വിളമ്പി. സമരത്തെക്കുറിച്ച് സർദാർ കെ എം പണിക്കരിൽ നിന്ന് കേട്ടറിഞ്ഞ പട്യാല രാജാവിന്റെ പിന്തുണയും ഇതിനുണ്ടായിരുന്നു. വൈക്കം സത്യഗ്രഹം ഹിന്ദുക്കളിലെ സവർണരും അവർണരും തമ്മിലുള്ള വിഷയമാണെന്നും അത് അവർ തന്നെ പരിഹരിച്ചാൽ മതിയെന്നുമുള്ള ഗാന്ധിജിയുടെ നിലപാടിനെ തുടർന്ന് 1924 ഏപ്രിൽ 29 മുതൽ ജൂൺ 25 വരെ മാത്രമേ അകാലികൾക്ക് ഭോജനശാല നടത്താനായുള്ളൂ. ഈ കുറഞ്ഞകാലം കൊണ്ട് അകാലികൾ 30,000 പേർക്ക് ഭക്ഷണമൊരുക്കി, 4,000 രൂപ ചെലവാക്കി.
രണ്ടാം ലോകയുദ്ധകാലത്ത്, ഭാരത് ടൂറിസ്റ്റ് ഹോം ഹോട്ടൽ ശൃംഖലയുടെ തുടക്കക്കാരനായ ഗോവിന്ദറാവു കൊച്ചി മാർക്കറ്റിനുസമീപത്തുണ്ടായ ഭക്ഷണശാലയിലും ചപ്പാത്തിയും കറികളുമുണ്ടാക്കി വിളമ്പിയിരുന്നു. കൊച്ചിയിൽ തമ്പടിച്ച ഉത്തരേന്ത്യൻ സൈനികർക്കുവേണ്ടിയുണ്ടാക്കിയ ഇവ മലയാളികൾക്കും ഇഷ്ടപ്പെട്ടു. അങ്ങനെ, തീണ്ടൽപ്പലക മാറ്റാൻ തുടങ്ങിയ സമരത്തിനിടെ വന്ന ചപ്പാത്തിപ്പലകയെ മലയാളി ‘അരി’യിട്ടു വാഴിച്ചു.