തിരുവനന്തപുരം> ചട്ടം ലംഘിച്ചതിന് സർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകിയതിനെതിരെ ഡോ. സിസ തോമസ് നൽകിയ ഹർജി തള്ളി. കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കാനാവില്ലെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വ്യക്തമാക്കി. കാരണം കാണിക്കൽ നോട്ടീസിൽ സർക്കാരിന് തുടർ നടപടി സ്വീകരിക്കാമെന്നും ട്രിബ്യൂണൽ പറഞ്ഞു.
സർക്കാർ അനുമതിയില്ലാതെ സാങ്കേതിക സർവകലാശാല ഇടക്കാല വൈസ് ചാൻസലറുടെ സ്ഥാനമേറ്റെടുത്തതിൽ സർക്കാരിന് മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നത്. സർക്കാർ ഉദ്യോഗസ്ഥയെന്ന നിലയിൽ ചട്ടലംഘനം നടത്തിയതിൽ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ സിസ നൽകിയ ഹർജിയിൽ ഒരാഴ്ചക്കകം മറുപടി നൽകണമെന്ന് മാർച്ച് 16ന് ട്രൈബ്യൂണൽ നിർദേശിച്ചിരുന്നു. ഹർജിയിൽ സർക്കാർ മറുപടി പത്രിക ഫയൽ ചെയ്യണമെന്നും കേസ് വീണ്ടും പരിഗണിക്കും വരെ നടപടികൾ സ്വീകരിക്കരുതെന്നും അന്ന് നിർദ്ദേശിച്ചിരുന്നു. തുടർന്ന് ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് സിസയുടെ ഹർജി തള്ളിയത്.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിന്റ് ഡയറക്ടറായിരിക്കെ നവംബറിലാണ് സിസ തോമസിനെ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ ഇടക്കാല വിസിയായി നിയമിച്ചത്. സർക്കാർ അനുമതിയില്ലാതെ ജീവനക്കാർ മറ്റൊരു തൊഴിലോ വ്യവസായമോ ഏറ്റെടുക്കരുതെന്ന സർക്കാർ ജീവനക്കാർക്കുള്ള ചട്ടത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, സിസ ചട്ടലംഘനം നടത്തി, സർക്കാരിനെ അറിയിക്കാതെ സ്ഥാനമേറ്റെടുത്തത് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയത്. നിലവിൽ ബാർട്ടൺഹിൽ സർക്കാർ എൻജിനീയറിങ്ങ് കോളേജിലെ പ്രിൻസിപ്പളാണ് സിസ തോമസ്.