മലപ്പുറം> കേരളത്തിന്റെ കുടുംബശ്രീയുടെ പെരുമയുമായി 18 അംഗ സംഘം ഡെൽഹിയിൽ. വെള്ളിയാഴ്ച ഇവർ രാഷ്ട്രപതി ഭവൻ സന്ദർശിക്കും. വ്യാഴാഴ്ച രാവിലെ 6.15ന് എയർ ഇന്ത്യ വിമാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നാണ് പോയത്. പട്ടികവർഗ–- പട്ടികജാതി വിഭാഗത്തിൽപ്പെട്ട 15 കുടുംബശ്രീ പ്രവർത്തകരും സംസ്ഥാന മിഷനിലെ മൂന്നുപേരുമാണ് സംഘത്തിൽ. ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ ഭാഗമായാണ് സന്ദർശനം.
പ്രത്യേക ദുർബല ഗോത്ര വിഭാഗത്തിൽപ്പെട്ട കാസർകോട് മഞ്ചേശ്വരം കുടുംബശ്രീ സിഡിഎസ് അംഗം സുനിത കോനേരിയോ, വയനാട് തിരുനെല്ലി കുടുംബശ്രീ പട്ടികവർഗ സ്പെഷ്യൽ പ്രോജക്ടിന്റെ ഭാഗമായുള്ള ഗ്രാമസമിതി ആരോഗ്യ വളണ്ടിയർ സിനി വിജയൻ, പാലക്കാട് ജില്ലയിലെ കുടുംബശ്രീ അട്ടപ്പാടി സമഗ്ര ആദിവാസി പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന പുതൂർ കുറുമ്പ പഞ്ചായത്ത് സമിതി പ്രസിഡന്റ് അനിത ബാബു, തൃശൂർ അതിരപ്പള്ളി സിഡിഎസ് സാമൂഹ്യവികസന ഉപസമിതി കൺവീനർ സി രമ്യ, പട്ടികവർഗ വിഭാഗത്തിൽനിന്ന് സിഡിഎസ് ചെയർപേഴ്സൺമാരായ കണ്ണൂർ ആലക്കോട് പഞ്ചായത്തിലെ പി എൻ ധന്യ, വയനാട് വെങ്ങപ്പള്ളിയിലെ കെ നിഷ, കോഴിക്കോട് പനങ്ങാട് പഞ്ചായത്തിലെ വി ശ്രീന, മലപ്പുറം കരുളായി പഞ്ചായത്തിലെ മിനി സുജേഷ്, കോട്ടയം എരുമേലി പഞ്ചായത്തിലെ അമ്പിളി സജീവൻ, ഇടുക്കി ഉപ്പുതറ പഞ്ചായത്തിലെ റോസമ്മ ഫ്രാൻസിസ്, കൊല്ലം ആര്യങ്കാവിലെ റസിയ അയ്യപ്പൻ, തിരുവനന്തപുരം പനവൂരിലെ വി ടി വിദ്യാദേവി എന്നിവരും പട്ടികജാതി വിഭാഗത്തിൽനിന്ന് മാതൃകാ സിഡിഎസ് ചെയർപേഴ്സൺമാരായ എറണാകുളം എടവനക്കാട് പഞ്ചായത്തിലെ ഗിരിജ ഷാജി, പത്തനംതിട്ട ജില്ലയിലെ പള്ളിക്കൽ പഞ്ചായത്തിലെ പി കെ ഗീത, ആലപ്പുഴ തഴക്കര പഞ്ചായത്തിലെ പ്രസന്ന ഷാജി എന്നിവരുമാണുൾപ്പെടുന്നത്.
കുടുംബശ്രീ സംസ്ഥാന മിഷൻ പട്ടികവർഗ പ്രോഗ്രാം മാനേജർ എം പ്രഭാകരൻ, അസി. പ്രോഗ്രാം മാനേജർ എസ് ശാരിക, അട്ടപ്പാടി സ്പെഷ്യൽ പ്രൊജക്റ്റ് മാനേജ്മന്റ് യൂണിറ്റിലെ യങ് പ്രൊഫഷണൽ വി സുധീഷ് കുമാർ എന്നിവർ നേതൃത്വം നൽകുന്നു. വെള്ളിയാഴ്ച പകൽ 12മുതൽ രണ്ടുവരെയാണ് രാഷ്ട്രപതി ഭവൻ സന്ദർശനത്തിനുള്ള അനുമതി. ഏപ്രിൽ ഒന്നിന് രാത്രി 9.15ന് സംഘം തിരിച്ചെത്തും.