മണ്ണാർക്കാട് > അട്ടപ്പാടി മധു വധക്കേസിൽ നീതി ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് മധുവിന്റെ അമ്മ. സർക്കാർ ഞങ്ങളുടെ ഒപ്പമുണ്ട്. കോടതിയിൽ പൂർണവിശ്വാസമുണ്ട്. എല്ലാ ആളുകളും കൂടെയുണ്ട്. മറ്റൊരു കുടുംബത്തിനും ഈ അവസ്ഥ ഉണ്ടാകരുത് – മധുവിന്റെ അമ്മ മല്ലി പറഞ്ഞു. കേസിനായി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്ന് മധുവിന്റെ സഹോദരി പറഞ്ഞു. അധ്വാനിച്ചിട്ടുണ്ട്. ഒരുപാട് സ്ഥലത്ത് അലഞ്ഞ് നടന്നതിന്റെ ഫലമായിരിക്കട്ടെ വിധി. മധുവിന് നീതി കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും സഹോദരി പറഞ്ഞു.
ഏപ്രില്‍ നാലിനാണ് കേസില്‍ വിധി പറയുന്നത്. മണ്ണാര്‍ക്കാട് എസ്സി-എസ്ടി പ്രത്യേക കോടതിയാണ് വിധി പറയുക. മോഷണക്കുറ്റം ആരോപിച്ചാണ് മാനസിക വെല്ലുവിളി നേരിടുന്ന മധുവിനെ കൊലപ്പെടുത്തിയത്. 16 പ്രതികളാണ് കേസിലുള്ളത്. 2018 മെയ് 23-ന് അഗളി പോലിസ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 17-ന് പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. ഏപ്രില്‍ 28-ന് ആരംഭിച്ച പ്രോസിക്യൂഷന് സാക്ഷി വിസ്താരം ഈ മാസം രണ്ടിന് പൂര്‍ത്തിയായി. ജനുവരി 30ന് ആരംഭിച്ച പ്രതിഭാഗം സാക്ഷി വിസ്താരം ഈ മാസം 9നും പൂര്‍ത്തിയായി.