ന്യൂഡൽഹി > പൊതുമേഖലാ ബാങ്കുകളുടെ ഓഹരികൾ വാങ്ങിയതിലൂടെ കേന്ദ്ര ഖജനാവിന് ഉണ്ടായത് ഭീമമായ നഷ്ടം. വൻകിട കോർപ്പറേറ്റുകൾ നഷ്ടത്തിലാക്കിയ ബാങ്കുകളെ സംരക്ഷിക്കുവാൻ ഉയർന്ന വിലക്കാണ് കേന്ദ്രസർക്കാർ ഓഹരികൾ വാങ്ങിയത്. ഡോ. ജോൺ ബ്രിട്ടാസ് എംപിക്ക് രാജ്യസഭയിൽ ധനകാര്യമന്ത്രാലയം നൽകിയ മറുപടി ഇക്കാര്യം വെളിപ്പെടുത്തുന്നു.
കിട്ടാക്കടങ്ങളും കെടുകാര്യസ്ഥതയും മൂലം നഷ്ടത്തിലായ പൊതുമേഖലാ ബാങ്കുകളെ രക്ഷപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ ഉയർന്ന വിലയ്ക്ക് ഓഹരികൾ വാങ്ങിയത് ഖജനാവിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയെതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വായ്പാ കുടിശ്ശികയും മറ്റും ഉണ്ടാക്കുന്ന ആഘാതങ്ങളിൽ നിന്നും ബാങ്കുകൾ സുരക്ഷിതമാണെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും, കോർപ്പറേറ്റ് വമ്പൻമാർക്ക് ചങ്ങാത്ത മുതലാളിത്തത്തിന്റെ ഭാഗമായി നൽകിയ വൻകിട വായ്പകൾ തിരിച്ചടക്കാത്തതിനെ തുടർന്ന് പൊതുമേഖലാ ബാങ്കുകൾ എങ്ങനെ കടക്കെണിയിലായി എന്നും അവയെ രക്ഷപ്പെടുത്തുന്നതിനു വേണ്ടി പൊതുജനത്തിന്റെ നികുതി പണം എങ്ങനെ വ്യാപകമായി ദുരുപയോഗം ചെയ്യുന്നു എന്നും ധനമന്ത്രാലയം തന്ന മറുപടിയിലെ കണക്കുകൾ വ്യക്തമാക്കും.
കഴിഞ്ഞ അഞ്ചുവർഷങ്ങളിലെ പൊതുമേഖലാ ബാങ്കുകളുടെ ഓഹരി വില്പന കണക്കുകൾ പരിശോധിച്ചാൽ തന്നെ ഊതിപെരുപ്പിച്ച നിരക്കുകളിലാണ് കേന്ദ്രം ബാങ്ക് ഓഹരികൾ വാങ്ങിയതെന്ന് വ്യക്തമാകും. ഉദാഹരണമായി 2018 മാർച്ചിൽ ഓഹരി ഒന്നിന് 165.32 രൂപയ്ക്ക് കേന്ദ്രം വാങ്ങിയ ബാങ്ക് ഓഫ് ഇന്ത്യയുടെ നിലവിലെ ഓഹരി വില 73.44 രൂപയാണ്. 2018 മാർച്ചിൽ 163.38 രൂപയ്ക്ക് വാങ്ങിയ പഞ്ചാബ് നാഷണൽ ബാങ്കിന്റെ നിലവിലെ ഓഹരി വില വെറും 47.82 രൂപയാണ്. ഇതുപോലെ കേന്ദ്ര സർക്കാർ 12 ബാങ്കുകളുടെ നിലവിലെ ഓഹരി വിലകൾ വെളിപ്പെടുത്തിയപ്പോൾ അവയിൽ ഒൻപത് എണ്ണത്തിലും നിലവിലെ ഓഹരി വില കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കിടയിൽ ഏതെങ്കിലും സമയങ്ങളിൽ കേന്ദ്രം വാങ്ങിയ ഓഹരി വിലയേക്കാൾ കുറവാണെന്ന് കാണാം. എന്നാൽ മറുപടിയിൽ കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കിടയിൽ മൊത്തം എത്ര രൂപ ഓഹരി വാങ്ങലിനുവേണ്ടി ചെലവഴിച്ചു എന്നോ മൊത്തം എത്ര ഓഹരികൾ വാങ്ങിയെന്നോ ഉള്ള കണക്കുകൾ വെളിപ്പെടുത്താതെ കേന്ദ്രം ഒഴിഞ്ഞു മാറുകയും ചെയ്തു. മാത്രമല്ല, കേന്ദ്രം ഓഹരി ഒന്നിന് നിശ്ചിത തുക തീരുമാനിച്ച് വാങ്ങിയ സമയത്തെ യഥാർത്ഥ കമ്പോള വിലയും മറുപടിയിൽ വെളിപ്പെടുത്തിയിട്ടില്ല.
ഉദാഹരണമായി വിവിധ റിപ്പോർട്ടുകൾ പ്രകാരം പഞ്ചാബ് നാഷണൽ ബാങ്ക് പ്രതിസന്ധിയിലായതിനെ തുടർന്ന് 2018 മാർച്ചിൽ ഓഹരി ഒന്നിന് 163.38 രൂപ നിശ്ചയിച്ച് 5500 കോടി രൂപ കേന്ദ്രം നൽകിയപ്പോൾ ആ ഓഹരിയുടെ അന്നത്തെ യഥാർത്ഥ കമ്പോള വില വെറും 113 രൂപ മാത്രമായിരുന്നു. അതാകട്ടെ ഇപ്പോൾ 47.82 രൂപയിൽ എത്തി നിൽക്കുന്നു. സമാന അവസ്ഥയാണ് മിക്ക ബാങ്കുകളുടെ കാര്യമെടുത്താലും. കുറഞ്ഞത് പതിനായിര കണക്കിന് കോടി രൂപയെങ്കിലും ഈ ഇനത്തിൽ നികുതിപണത്തിൽ നിന്നും ചെലവാക്കിയിട്ടുണ്ട് എന്ന് ജോൺ ബ്രിട്ടാസ് എംപി ചൂണ്ടിക്കാട്ടി. പൊതുമേഖലാ ബാങ്കുകളുടെ നഷ്ടം നികത്താൻ പൊതുജനങ്ങളുടെ നികുതിപണം എങ്ങനെയാണ് ദുരുപയോഗം ചെയ്യപ്പെട്ടത് എന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനങ്ങളിൽ സുതാര്യതയും പൊതുജനവിശ്വാസവും വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാറിന്റെ ഭാഗത്തു നിന്നും സത്വര നടപടികൾ സ്വീകരിക്കണമെന്ന് ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു.