കൊച്ചി> അരിക്കൊമ്പനെ പിടികൂടി കോടനാട്ടേക്ക് മാറ്റുകയോ, റേഡിയോ കോളർ ഘടിപ്പിച്ച് വനത്തിനുള്ളിലേക്ക് തുറന്നു വിടുകയോ ചെയ്യുമെന്ന് വനം വകുപ്പ് ഹെെക്കോടതിയിൽ സത്യവാങ്മൂലം നൽകി. നിലവിലെ പ്രദേശത്ത് നിന്നും അരിക്കൊമ്പനെ മാറ്റേണ്ടത് അനിവാര്യമെന്ന് വനംവകുപ്പ് അറിയിച്ചു.
2005ന് ശേഷം ചിന്നക്കനാൽ-ശാന്തൻപാറ ഭാഗത്ത് 34 പേർ ആന ആക്രമണത്തിൽ കൊല്ലപ്പെട്ടു.ഇതിൽ ഏഴ് പേരെ കൊന്നത് അരിക്കൊമ്പനാണ്. മൂന്നുമാസത്തിനിടെ 31 കെട്ടിടങ്ങൾ തകർത്തു. 2017ൽ മാത്രം തകർത്തത് 52 വീടുകളും ഷോപ്പുകളുമാണ്.
അരിക്കൊമ്പനെ നേരത്തെ പലതവണ പിടികൂടി മാറ്റിയതാണ്.പക്ഷെ, വീണ്ടും തിരിച്ചെത്തി. അരിക്കൊമ്പനെ പെരിയാർ കടുവാ സങ്കേതത്തിലേക്ക് മാറ്റുന്നതിനെതിരെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നുവെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞു.കേസ് ഹെെക്കോടതി പരിഗണിക്കുകയാണ്.