കണ്ണൂർ> ഉമ്മൻചാണ്ടിയുടെ കാറിന് കല്ലെറിഞ്ഞുവെന്ന കേസിൽ വിധി വന്നതോടെ തകർന്നടിഞ്ഞത് യുഡിഎഫും മാധ്യമങ്ങളും ചേർന്ന് കെട്ടിപ്പൊക്കിയ നുണക്കോട്ട. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയെ കണ്ണൂരിൽ സിപിഐ എം പ്രവർത്തകർ വധിക്കാൻ ശ്രമിച്ചെന്നായിരുന്നു പ്രചാരണം. വധശ്രമവും വധഗൂഢാലോചനയും ഉൾപ്പെടെ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തു. ഉമ്മൻചാണ്ടിയുടെ ഗൺമാന്റെ സീറ്റിലിരുന്ന ടി സിദ്ദിഖിന്റെ വേഷം അന്നേ ദുരൂഹമായിരുന്നു. അതുകൂടി പുറത്തുവന്നാൽ അതീവ സുരക്ഷയുള്ള കാറിന്റെ കല്ല് വന്നതും രണ്ട് വാതിലിന്റെ ചില്ല് തകർന്നതും വെളിപ്പെടും.
വിചാരണവേളയിൽ ടി സിദ്ദിഖ് നൽകിയ പരസ്പരവിരുദ്ധ മൊഴിയും കേസിൽ വഴിത്തിരിവായി. 258 സാക്ഷികളിൽ ഭൂരിഭാഗത്തിനും പ്രതികളെ തിരിച്ചറിയാനായില്ല. തെളിവിനായി ഹാജരാക്കിയ രേഖകളിൽ ഭൂരിഭാഗവും കെട്ടിച്ചമച്ചതായിരുന്നു.
സാക്ഷിവിസ്താരത്തിലേ പൊളിഞ്ഞ കേസ്
ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ് ‘വധി’ക്കാൻ ശ്രമിച്ചെന്ന കേസ് സാക്ഷി വിസ്താരത്തിലെ പൊളിഞ്ഞിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും ടി സിദ്ദിഖിന്റെയും കെ സി ജോസഫിന്റെയും ഗൺമാൻ രവീന്ദ്രൻപിള്ളയുടെയും മൊഴികൾ പരസ്പര വിരുദ്ധമായിരുന്നു. ഉമ്മൻചാണ്ടി സംഭവ ദിവസം ധരിച്ച ഷർട്ട് ക്ലിഫ് പൊലീസിന് കൈമാറുമ്പോൾ ഇടതുവശത്ത് കീറൽ ഉണ്ടായിരുന്നില്ല. എന്നാൽ, കോടതിയിൽ ഹാജരാക്കിയപ്പോൾ കീറി.
കാറിന്റെ ഇടതുവശത്തിരുന്ന ഉമ്മൻചാണ്ടിക്ക് പരിക്കുപറ്റിയത് വലതുവശത്തുനിന്നുള്ള കല്ലേറിൽനിന്നാണെന്നാണ് കെ സി ജോസഫും രവീന്ദ്രപിള്ളയും മൊഴിനൽകിയത്. ഇതിന് വിരുദ്ധമാണ് സിദ്ദിഖിന്റെ മൊഴി. ഇടതുവശത്തെ വാതിലിന്റെ ചില്ല് തകർന്നപ്പോൾ സിദ്ദിഖിന്റെ വലതുകൈയ്ക്ക് എങ്ങനെ പരിക്കേറ്റുവെന്നതിന് മറുപടിയില്ല.