ആലപ്പുഴ
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചാൽ സിപിഐ എം ശക്തമായി എതിർക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. കെ രാജഗോപാൽ രചിച്ച് തൃശൂരിലെ ‘സമത’ പ്രസിദ്ധീകരിക്കുന്ന ‘ഹസ്രത് മൊഹാനി ഇങ്ക്വിലാബിന്റെ ഇടിമുഴക്കം’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ് വലിയ ചുടുകാട്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഹുൽ വയനാട്ടിൽ മത്സരിക്കാൻ വരുമോയെന്നു നോക്കിയല്ല കേന്ദ്രത്തിന്റെ ജനാധിപത്യവിരുദ്ധ നടപടിയെ സിപിഐ എം എതിർക്കുന്നത്. ഇക്കാര്യത്തിൽ അങ്കലാപ്പുണ്ടാക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുന്നു. കോൺഗ്രസിന്റെ പ്രധാനശത്രു സിപിഐ എമ്മാണ്. അതുകൊണ്ടാണ് ഇഡി ഉൾപ്പെടെ കേന്ദ്ര ഏജൻസികളുടെ നടപടി കേരളത്തിലാകാം, ഡൽഹിയിൽ പറ്റില്ല എന്ന നിലപാട് സ്വീകരിക്കുന്നത്. സിപിഐ എമ്മിന്റെ പ്രധാന ശത്രു കോൺഗ്രസല്ല, ബിജെപിയാണ്.
കേന്ദ്ര ഏജൻസികൾ തങ്ങൾക്കെതിരാകുമ്പോൾ മാത്രമാണ് കോൺഗ്രസ് എതിർക്കുന്നത്. ലക്ഷദ്വീപ് എംപിയെ അയോഗ്യനാക്കിയപ്പോഴോ ഡൽഹി ഉപമുഖ്യമന്ത്രിയെ ജയിലിലടച്ചപ്പോഴോ എതിർത്തില്ല. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിന്റെ മകൾ കവിതയെ സിബിഐ ചോദ്യം ചെയ്യുമ്പോഴും പ്രതിഷേധമില്ല. എന്നാൽ, പ്രതിപക്ഷ പാർടികൾക്കെതിരായ കേന്ദ്രത്തിന്റെ നീക്കങ്ങളെ എതിർക്കുന്നത് സിപിഐ എമ്മിന്റെ രാഷ്ട്രീയ നിലപാടാണ്. ബിജെപിയുടെ ഫാസിസ്റ്റു നയത്തെ ചെറുക്കാൻ കോൺഗ്രസിനു ശേഷിയില്ല. മൃദുഹിന്ദുത്വ നിലപാടാണ് അവർ സ്വീകരിക്കുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി അധ്യക്ഷനായി.