തൃശൂർ
പ്രിയപ്പെട്ട താരത്തിന് പ്രണാമം അർപ്പിക്കാൻ മഹാപ്രവാഹം. സിനിമാലോകത്തേയും കലാ, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലേയും പ്രമുഖർ മാത്രമല്ല, തൊഴിലാളികൾ, വിദ്യാർഥികൾ എന്നിങ്ങനെ ജീവിത്തിന്റെ സമസ്ത മേഖലയിലുമുള്ള പതിനായിരങ്ങളാണ് ജന്മനാടായ ഇരിങ്ങാലക്കുടയിൽ ഒഴുകിയെത്തിയത്. ഇരിങ്ങാലക്കുട ടൗൺഹാൾ നിറഞ്ഞു കവിഞ്ഞ ജനം റോഡിനു പുറത്തേക്ക് നീണ്ട വരിയായി. വീടായ ‘പാർപ്പിട’വും പരിസരവും ജനങ്ങളാൽ നിറഞ്ഞു. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലും ഇന്നസെന്റിനെ കാണാൻ ജനം തിങ്ങിനിറഞ്ഞു.
പ്രതിപക്ഷനേതാവ് വി ഡി സതീശൻ, കൊച്ചി മേയർ എം അനിൽകുമാർ, സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, പ്രൊഫ. എം കെ സാനു തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു.
കടവന്ത്രയിൽ പകൽ 11 വരെയുള്ള പൊതുദർശനം അരമണിക്കൂർകൂടി നീട്ടി. വിലാപയാത്ര കടന്നുപോയ വഴികൾക്കിരുവശവും പൊരിവെയിൽ മറന്ന് ആയിരങ്ങൾ നിരന്നു. ആലുവ പ്രിയദർശിനി ടൗൺഹാളിനുമുന്നിലും അങ്കമാലി പഴയ മുനിസിപ്പൽ ഓഫീസ് ജങ്ഷനിലും അൽപ്പസമയം നിർത്തി.