ന്യൂഡൽഹി > കേരളത്തിന്റെ സ്വപ്നപദ്ധതിയായ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന്റെ സാങ്കേതികാനുമതി വേഗത്തിലാക്കണമെന്ന് എ എ റഹിം എംപി ആവശ്യപ്പെട്ടു. പദ്ധതിയുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ ഉയർത്തിയ ചോദ്യത്തിന് നടപടി സ്വീകരിക്കുമെന്നും സമയപരിധി പറയാനാകില്ലെന്നും വ്യോമയാനമന്ത്രി അറിയിച്ചിരുന്നു.
ശബരിമല അടക്കമുള്ള ആറ് വിമാനത്താവളത്തിന് പ്രാരംഭ അനുമതിപോലും നൽകിയിട്ടില്ല. എയർപോർട്ടുകളുടെ എണ്ണം വർധിപ്പിച്ച് വ്യോമഗതാഗതം സുഗമമാക്കുമെന്ന് അവകാശപ്പെടുന്ന കേന്ദ്ര സർക്കാർ യഥാർഥത്തിൽ ചുവപ്പുനാട സമീപനമാണ് സ്വീകരിക്കുന്നതെന്നും എംപി പറഞ്ഞു.