കണ്ണൂർ> മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കാറിന് നേരെ കല്ലെറിഞ്ഞെന്ന കേസിൽ 110 സിപിഐ എം പ്രവർത്തകരെ കുറ്റക്കാരല്ലെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടു. മൂന്നുപേർ കുറ്റക്കാരാണെന്നും കണ്ണൂർ അസി.സെഷൻസ് ജഡ്ജി രാജീവൻ വാച്ചാൽ കണ്ടെത്തി. ദീപക് ചാലാടൻ. സി ഒ ടി നസീർ, ബിജു പറമ്പത്ത്, എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. ദീപക് ചാലാടന് അഞ്ച് വർഷം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. മറ്റ് രണ്ട് പേർക്ക് രണ്ട് വർഷം വീതം തടവും പതിനായിരം രൂപ പിഴയും.
2013 ഒക്ടോബർ 27നാണ് കേസിനാസ്പദമായ സംഭവം. കണ്ണൂർ പൊലീസ് പരേഡ് ഗ്രൗണ്ടിൽ സംസ്ഥാന പൊലീസ് കായിക മേളയുടെ സമ്മാനദാനത്തിനെത്തിയ ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമിച്ചുവെന്നായിരുന്നു കേസ്. വധശ്രമം ഗൂഢാലോചന ഉൾപ്പെടെയുളള വകുപ്പുകൾ ചേർത്ത കേസിൽ 114 പ്രതികളാണുണ്ടായിരുന്നത്. ഇതിൽ നാലുപേർ മരിച്ചു. 110 പേർ വിചാരണ നേരിട്ടു.
പ്രത്യേക അന്വേഷണ സംഘം തലവൻ ഡിവൈഎസ്പി സുദർശൻ സമർപ്പിച്ച കുറ്റപത്രത്തിൽ ടി വി രാജേഷ്, കെ വി സുമേഷ്, സി കൃഷ്ണൻ, കെ കെ നാരായണൻ ബിനോയി കുര്യൻ, ഒ കെ വിനീഷ്, പി കെ ശബരീഷ്കുമാർ, ബിജു കണ്ടക്കൈ, പി പ്രശോഭ് തുടങ്ങിയ സിപിഐ എം ഡിവൈഎഫ്ഐ പ്രവർത്തകരെയും കണ്ടാലറിയാവുന്ന 900 ത്തോളം പേരെയും പ്രതി ചേർത്തു. ഉമ്മൻചാണ്ടി, , കെ സി ജോസഫ്, ടി സിദ്ധിക്ക് ഉൾപ്പെടെ 258 സാക്ഷികളെ വിസ്തരിച്ചു..299 തെളിവുകളുടെ രേഖകളും കോടതിയിൽ ഹാജരാക്കി. ടൗൺ എസ്ഐയായിരുന്ന സനൽകുമാറായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്.
ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൽ വിധി വന്നതോടെ കോൺഗ്രസ് നേതൃത്വം പ്രചരിപ്പിച്ച നുണകൾ പൊളിഞ്ഞു. ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമിച്ചു, വധിക്കാൻ ഗൂഢാലോചന നടത്തി, വധിക്കാൻ ആഹ്വാനം ചെയ്തു തുടങ്ങിയ ആരോപണങ്ങളെല്ലാം വ്യാജമായിരുന്നുവെന്ന് തെളിഞ്ഞു. കല്ലെറിഞ്ഞുവെന്നും, പൊതുമുതൽ നശിപ്പിച്ചുവെന്നും മാത്രമാണ് കോടതി കണ്ടെത്തിയത്.പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ ബി പി ശശീന്ദ്രൻ, വിനോദ് കുമാർ ചമ്പോളൻ, കെ വി മനോജ്കുമാർ, പി രേഷ്മഎന്നിവർ ഹാജരായി.