ആലപ്പുഴ
ധീരദേശാഭിമാനികൾ ജീവൻ കൊടുത്ത് നേടിയതെല്ലാം തകർക്കുന്ന നിലപാടാണ് ഇന്ന് കേന്ദ്രഭരണകൂടം സ്വീകരിക്കുന്നതെന്ന് രക്തസാക്ഷി ഭഗത്സിങ്ങിന്റെ ഇളയസഹോദരി ബീബീ പ്രകാശ് കൗറിന്റെ മക്കളായ ഗുർജിത് കൗർ ദട്ടും സർദാർ ഹകുമത് സിങ്ങും. സമത പുറത്തിറക്കുന്ന 90–-ാമത് പുസ്തകം ഹസ്രത് മോഹാനി ‘ഇൻക്വിലാബിന്റെ ഇടിമുഴക്കം’ എന്ന പുസ്തകത്തിന്റെ പ്രകാശനത്തിന് ആലപ്പുഴയിലെത്തിയ ഇരുവരും ദേശാഭിമാനിയോട് സംസാരിക്കുകയായിരുന്നു.
മാനവികതയ്ക്കെതിരെ അവർ ദേശീയതയെ ആയുധമാക്കുന്നു. ഭഗത്സിങ് അടക്കമുള്ള ധീരദേശാഭിമാനികൾക്ക് ഹിന്ദുസ്ഥാൻ എന്നാൽ ഹിന്ദുവും മുസൽമാനും എല്ലാവരും ചേർന്നതായിരുന്നു. അത് ഹിന്ദുക്കളുടെ രാജ്യമാക്കാൻ ശ്രമിക്കുകയാണ് ഫാസിസ്റ്റുകൾ. രാജ്യസ്നേഹമെന്നതിന് പുതിയ അർഥങ്ങൾ ഉണ്ടാക്കുകയാണ് ഫാസിസം. അവർ ജനങ്ങളെ പരിഗണിക്കുന്നേയില്ല. എല്ലാവരെയും ഉൾക്കൊള്ളുന്നതായിരുന്നു ഭഗത്സിങ്ങിന്റെ രാഷ്ട്രീയം. അതിനായി നന്നേ ചെറുപ്പത്തിലെ ജീവൻ ത്യജിച്ചു. ഒരുപക്ഷേ ബ്രിട്ടീഷുകാരോട് മാപ്പ് പറഞ്ഞിരുന്നെങ്കിൽ അദ്ദേഹത്തിന് തൂക്കുമരത്തിൽനിന്ന് രക്ഷനേടാമായിരുന്നു. എന്നാൽ അവരെല്ലാം മരണം തെരഞ്ഞെടുത്തു.
പാരമ്പര്യമായി കർഷകരാണ് ഞങ്ങൾ. കർഷകരുടെ താൽപ്പര്യങ്ങൾക്കെതിരായ നിയമത്തിനെതിരെ 11 മാസം ഞങ്ങൾ സമരംചെയ്തു. പൊതുമേഖലാ സ്ഥാപനങ്ങളടക്കം തങ്ങളുടെ താൽപ്പര്യക്കാർക്ക് വിൽക്കുകയാണ് കേന്ദ്രസർക്കാർ. എന്നിട്ട് അവരിൽനിന്ന് ലഭിക്കുന്ന പണംകൊണ്ട് അധികാരം വാങ്ങുന്നു. തങ്ങൾക്ക് കീഴടങ്ങാത്ത സംസ്ഥാനങ്ങളെ ഏജൻസികളെ ഉപയോഗിച്ച് ആക്രമിക്കും. രാജ്യത്തിന്റെ പൊതുചിത്രം ഇന്നിതാണ്. എന്നാൽ ഈ അപകടത്തെ ചെറുക്കാൻ കോൺഗ്രസിനാകില്ല. കേരളം പല കാര്യങ്ങളിലും മാതൃകയാണ്. രാജ്യം കൂടുതൽ വിഭജിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോൾ ഇവിടെ ഒരു ഇടതുപക്ഷ സർക്കാർ രണ്ടാമതും അധികാരത്തിലെത്തി. ഇവിടെ ജനങ്ങൾ ഒരുമയോടെ സന്തോഷത്തോടെ ജീവിക്കുന്നു. അങ്ങനെ പ്രതീക്ഷ നൽകുന്ന കാര്യങ്ങൾ രാജ്യത്ത് സംഭവിക്കുന്നുണ്ട്. ബ്രിട്ടീഷുകാരിൽനിന്ന് ലഭിക്കുക പൂർണ സ്വാതന്ത്ര്യമാവില്ല. തുടർ വിപ്ലവങ്ങളിലൂടെ മാത്രമേ എല്ലാവർക്കും ഇടമുള്ള ഇന്ത്യയെ സൃഷ്ടിക്കാനാകുവെന്ന് ഭഗത്സിങ് പറയുമായിരുന്നുവെന്ന് അമ്മ പറഞ്ഞുകേട്ടിട്ടുണ്ട്. അത്തരം വിപ്ലവങ്ങളെ അപേക്ഷിച്ചാകും ഇന്ത്യയുടെ ഭാവി –- ഇരുവരും പറഞ്ഞു.