കോഴിക്കോട്
അടിയന്തരാവസ്ഥയില്ലെങ്കിലും രാജ്യം ജനാധിപത്യവിരുദ്ധമായ അവസ്ഥയിലൂടെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം എംപി. ഈ അവസ്ഥക്കെതിരെ എല്ലാവരും യോജിച്ച് പോരാടണം. ജനാധിപത്യത്തെ ധ്വംസിച്ച് ഏകാധിപത്യ സ്വഭാവത്തിലേക്ക് രാജ്യം മാറിയപ്പോഴുണ്ടായ കാര്യം ഭരണാധികാരികൾ വിസ്മരിക്കരുത്. എൽജെഡി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അരങ്ങിൽ ശ്രീധരൻ ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ അനുസ്മരണപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
1952 മുതൽ 77 വരെ രാജ്യത്ത് ഒരുകക്ഷിയുടെ നേതൃത്വത്തിലുള്ള ഭരണമായിരുന്നു. അന്നത്തെ രാഷ്ട്രീയ പാർടികളുടെ പരാജയംകൊണ്ടോ, ഒരു നേതാവ് ഇല്ലാത്തതുകൊണ്ടോ ഒന്നുമായിരുന്നില്ല അങ്ങനെ സംഭവിച്ചത്. എല്ലാറ്റിനും ഒരു സമയമുണ്ട്. പക്വമായ ഒരു സാഹചര്യം രൂപപ്പെട്ടുവരേണ്ടതുണ്ട്. 1977ൽ മാറ്റമുണ്ടായി പിന്നീട് മാറ്റങ്ങളുടെ പരമ്പരയുണ്ടായി. 2014ലും 19ലും ബിജെപിക്ക് ജയിക്കാനായി. ഇതിനർഥം അതേനില തുടരാൻ സാധ്യതയുണ്ടെന്നല്ല. വലിയ മാറ്റങ്ങൾക്ക് സഹായകരമാവുന്നവിധത്തിലുള്ള തിളച്ചുമറിയലാണ് നടക്കുന്നത്. വെള്ളം ചൂടാക്കാൻ വച്ചാൽ 100 ഡിഗ്രി എത്തുന്നതുവരെ അതിനകത്ത് നടക്കുന്ന പ്രക്രിയ നാം കാണുന്നില്ല. അതിനർഥം അത് ചൂടാവുന്നില്ല എന്നല്ല. ഒരുഘട്ടം കഴിയുമ്പോൾ അത് തിളച്ചുമറിയുകയും ആവിയായി മാറുകയും ചെയ്യും. ആ തിളച്ചുമറിയലിന്റെ ഘട്ടമാണ് രാജ്യത്ത് നടക്കുന്നതെന്നും എളമരം പറഞ്ഞു.
എൽജെഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാർ അധ്യക്ഷനായി. പരിപാടി ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഓൺലൈനിലൂടെ ഉദ്ഘാടനംചെയ്തു.
എം കെ രാഘവൻ എംപി, പന്ന്യൻ രവീന്ദ്രൻ, അബ്ദുൾ വഹാബ് എംപി, സി കെ പത്മനാഭൻ, ഡോ. വർഗീസ് ജോർജ് എന്നിവർ സംസാരിച്ചു.