കോട്ടയം
രാഹുൽഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ കോട്ടയത്ത് നടത്തിയ ഉപവാസ സമരത്തിനിടെ ഭക്ഷണംകഴിച്ച് കോൺഗ്രസ് നേതാക്കൾ. ഞായറാഴ്ച നഗരത്തിൽ നടത്തിയ ഉപവാസത്തിനിടെയാണ് ഉദ്ഘാടകൻ വി ടി ബൽറാം, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് എന്നിവരടക്കമുള്ള നേതാക്കൾ ഉച്ചക്ക് ഭക്ഷണംകഴിച്ചത്. ഇതിന്റെ വീഡിയോ പ്രാദേശിക കോൺഗ്രസ് നേതാവ് ജിജി അഞ്ചാനിയാണ് ഫേസ്ബുക്കിൽ പോസ്റ്റുചെയ്തത്. വിമർശനമുയർന്നപ്പോൾ വീഡിയോ നീക്കി.
രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ ഡിസിസികളുടെ നേതൃത്വത്തിൽ ജില്ലാ ആസ്ഥാനങ്ങളിൽ ഉപവാസ സമരം നടത്തണമെന്നായിരുന്നു കെപിസിസി നിർദേശം. കോട്ടയം ഗാന്ധിസ്ക്വയറിലായിരുന്നു ഉപവാസം. ഉപവാസത്തിനിടെ നേതാക്കളും സമരക്കാരും നഗരത്തിലെ മുന്തിയ ഹോട്ടലിൽ കയറി ഒന്നിച്ച് ഭക്ഷണംകഴിക്കുകയായിരുന്നു. ഇതു അന്വേഷിച്ച മാധ്യമപ്രവർത്തകരോട് “”ഉച്ചയാകുമ്പോൾ മനുഷ്യനായാൽ വിശക്കില്ലേ, കരിങ്കാലികളാണ് വാർത്ത പരത്തുന്നത്” എന്നായിരുന്നു ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ പ്രതികരണം.