കോഴിക്കോട്
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച് വ്യാജവീഡിയോ നിർമിച്ചതിൽ ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിനെ അന്വേഷകസംഘം തിങ്കളാഴ്ച ചോദ്യംചെയ്യും. തിരുവനന്തപുരത്തെത്തിയാകും ചോദ്യംചെയ്യൽ.
അന്വേഷകസംഘം നോട്ടീസ് നൽകിയിരുന്നെങ്കിലും ഇവർ ഹാജരായിരുന്നില്ല. ആരോഗ്യപ്രശ്നമാണ് കാരണമായി അറിയിച്ചത്. ഇതോടെയാണ് തിരുവനന്തപുരത്തെത്തി ചോദ്യംചെയ്യാൻ തീരുമാനിച്ചത്. എസിപി വി സുരേഷിന്റെ നേതൃത്വത്തിലാകും ചോദ്യംചെയ്യൽ.
വാർത്തയുടെ യഥാർഥ ഫുട്ടേജ് ഹാജരാക്കാൻ ഏഷ്യാനെറ്റിന് നിർദേശം നൽകിയിരുന്നെങ്കിലും ഇതുവരെ ഹാജരാക്കിയിട്ടില്ല. ഒറിജിനൽ ദൃശ്യങ്ങൾ തിരുവനന്തപുരത്തേക്ക് അയച്ചുവെന്നായിരുന്നു കോഴിക്കോട് ഓഫീസിൽ നടത്തിയ പരിശോധനയ്ക്കിടെ അറിയിച്ചത്. ഇക്കാര്യവും പരിശോധിച്ചേക്കും. കേസിൽ റിപ്പോർട്ടർ നൗഫൽ ബിൻ യൂസഫിനെയും റസിഡന്റ് എഡിറ്റർ ഷാജഹാൻ കാളിയത്തിനെയും വ്യാജ വീഡിയോ നിർമിക്കാൻ ഉപയോഗിച്ച പെൺകുട്ടിയുടെ അമ്മയായ ഏഷ്യാനെറ്റ് ജീവനക്കാരിയെയും കഴിഞ്ഞദിവസം ചോദ്യംചെയ്തിരുന്നു.