കൊച്ചി> സംസ്ഥാനത്തെ 9,32,898 വിദ്യാർത്ഥികൾക്ക് സ്കൂൾ തുറക്കുന്നതിനും വളരെ മുൻപ് തന്നെ സൗജന്യമായി യൂണിഫോമുകൾ ലഭ്യമാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഏലൂർ മുനിസിപ്പൽ ടൗൺഹാളിൽ നടന്ന സ്കൂൾ കുട്ടികൾക്ക് കൈത്തറി യൂണിഫോം വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ഇക്കുറി 4,75,242 ആൺകുട്ടികൾക്കും 4,57,656 പെൺകുട്ടികൾക്കുമാണ് യൂണിഫോം നൽകുന്നത്. ഇതിനായി 42.5 ലക്ഷം മീറ്റർ തുണിയാണ് കൈത്തറി വകുപ്പ് തയ്യാറാക്കി പൊതുവിദ്യാഭ്യാസ വകുപ്പിന് കൈമാറുന്നത്. തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള വടക്കൻ ജില്ലകളിൽ ഹാൻഡ്വീവും എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള തെക്കൻ ജില്ലകളിൽ ഹാൻടെക്സും ആണ് വിതരണം ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു.
ഒന്ന് മുതൽ നാലുവരെ ക്ലാസിലുള്ള കുട്ടികളുടെ അക്കാദമിക്ക് ഉന്നമനത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ഊന്നൽ കൊടുക്കും. എല്ലാത്തരം മത്സരപരീക്ഷകൾക്കും വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന അക്കാദമിക് മാറ്റങ്ങൾ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. അധ്യാപകരുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനായി അവധികാലത്ത് റസിഡൻഷ്യൽ പരിശീലനം നൽകും. മുഴുവൻ സ്കൂളുകളിലെയും പി ടി എ പ്രസിഡന്റുമാരുടെ യോഗങ്ങൾ സംഘടിപ്പിക്കും. പി ടി എയുടെയും എം പി ടി എയുടെയും പ്രവർത്തനങ്ങൾ പരിഷ്കരിക്കും.
ലഹരിക്കെതിരെ പോരാട്ടം ശക്തമായി നടത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കും. ഇതിനായി അവധിക്കാലത്ത് രക്ഷകർത്താക്കൾക്ക് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള പരിശീലനം നൽകും. പ്ലസ് വൺ പ്രവേശനം കൂടുതൽ ശാസ്ത്രീയമാക്കുന്നതിനായി പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഇതിന്റെ റിപ്പോർട്ട് അനുസരിച്ചുള്ള പ്രവർത്തനങ്ങളാകും നടത്തുകയെന്നും മന്ത്രി പറഞ്ഞു. ഏലൂർ ജിഎൽപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥി ഗോപീകൃഷ്ണന് യൂണിഫോം നൽകിയായിരുന്നു പദ്ധതി ഉദ്ഘാടനം ചെയ്തത്.
ഏലൂർ മുനിസിപ്പൽ ടൗൺഹാളിൽ നടന്ന ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. കൈത്തറി വ്യവസായത്തെ നിലനിർത്തുന്നതിന് സഹായകരമായ ഏറ്റവും പ്രധാനപ്പെട്ട തീരുമാനമാണ് കഴിഞ്ഞ സർക്കാർ കൊണ്ടുവന്ന കൈത്തറി യൂണിഫോം പദ്ധതിയെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ഇതിനായി 469 കോടി രൂപയാണ് ചെലവഴിച്ചത്. അതിൽ 284 കോടി രൂപയും കൈത്തറി തൊഴിലാളികൾക്ക് ലഭിച്ചു. യൂണിഫോമിന് പുറമേ അടുത്ത അധ്യയന വർഷത്തേക്കുള്ള പുസ്തകവും ഈ അധ്യായന വർഷം വിതരണം ചെയ്യാൻ കഴിഞ്ഞുവെന്ന ചരിത്രനേട്ടം സ്വന്തമാക്കാനും സർക്കാരിന് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ ജീവൻ ബാബു, ഏലൂർ നഗരസഭ അധ്യക്ഷൻ എ ഡി സുജിൽ, ഏലൂർ നഗരസഭ വൈസ് ചെയർപേഴ്സൺ ലീലാ ബാബു, കരുമാലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു, സ്ഥിരം സമിതി അധ്യക്ഷരായ പി ബി രാജേഷ്, അംബിക ചന്ദ്രൻ, ടി എം ഷെനിൻ, പി എ ഷെറീഫ്, കൗൺസിലർമാരായ പി എം അയ്യൂബ്, എസ് ഷാജി, ഹാൻവീവ് മാനേജിംഗ് ഡയറക്ടർ അരുണാചലം സുകുമാർ, പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടർ സി എ സന്തോഷ്, മുനിസിപ്പൽ സെക്രട്ടറി പി കെ സുഭാഷ്, ഏലൂർ ജി എച്ച് എസ് എസ് പ്രിൻസിപ്പൽ എ കെ ഷീന, പി രുഗ്മിണി തുടങ്ങിയവർ പങ്കെടുത്തു.