കൽപ്പറ്റ > രാഹുൽഗാന്ധി എംപിക്കെതിരായ കേന്ദ്ര നീക്കത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ മാർച്ചിൽ നേതാക്കളും പ്രവർത്തകരും തമ്മിൽത്തല്ലി. കൽപ്പറ്റ കനറാ ബാങ്ക് പരിസരത്തുനിന്ന് ഡിസിസി നേതാക്കളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് ആരംഭിച്ച ഉടനെയായിരുന്നു പ്രകടനത്തിൽ മുന്നിൽ നിൽക്കുന്നതിനെച്ചൊല്ലി തമ്മിൽത്തല്ല്. ടി സിദ്ദിഖ് എംഎൽഎയുടെ ഓഫീസ് സെക്രട്ടറിയും യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയുമായ സാലി റാട്ടക്കൊല്ലിയും കെപിസിസി എക്സിക്യുട്ടീവ് അംഗം പി പി ആലിയുടെ നേതൃത്വത്തിലുള്ള സംഘവുമായാണ് അടി പൊട്ടിയത്. സാലി പൊലീസിൽ പരാതി നൽകി.
പ്രകടനം ചാനലുകൾ ചിത്രീകരിക്കുന്നതിനിടെയായിരുന്നു നേതാക്കളും പ്രവർത്തകരും തമ്മിൽത്തല്ലിയത്. പ്രകടനത്തിന്റെ ഒരു ഭാഗത്ത് ആയിരുന്നിട്ടും സാലിയെ മർദിച്ചു. യൂത്ത് കോൺഗ്രസ് കൽപ്പറ്റ മണ്ഡലം പ്രസിഡന്റ് അർഷൽ, പ്രവർത്തകൻ പ്രതാപ്, എമിലി സ്വദേശി ഫെബിൻ എന്നിവർ ചേർന്നാണ് മർദിച്ചതെന്ന് സാലി റാട്ടക്കൊല്ലി പറഞ്ഞു. പ്രതാപ് ഇടിക്കട്ട കൊണ്ട് മർദിച്ചതായും കുഴഞ്ഞുവീണ തന്നെ കൂടെ ഉണ്ടായിരുന്നവരാണ് ആശുപത്രിയിൽ എത്തിച്ചതെന്നും സാലി പറഞ്ഞു. ആലിക്കെതിരെ പ്രവർത്തിച്ചാൽ ജില്ലയിൽ ജീവിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു മർദനം. ഇതിനിടെ പി പി ആലിയും സാലിയെ കഴുത്തിന് കുത്തിപ്പിടിച്ച് മർദിച്ചു.
പിന്നീട് സാലിയോടൊപ്പമുള്ളവർ ആലിയേയും മർദിച്ചു. ടി സിദ്ദീഖ് എംഎൽഎയുടെ സാന്നിധ്യത്തിലായിരുന്നു മർദനം. സാലിയെ ടി സിദ്ദീഖ് എംഎൽഎ ഒരുവിധം തള്ളിമാറ്റുകയായിരുന്നു. മാർച്ച് ബിഎസ്എൻഎൽ ഓഫീസിന് അടുത്തെത്തിയപ്പോൾ സാലിയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം പ്രതിഷേധം ബഹിഷ്കരിച്ചു. അതേസമയം, സാലി മർദിച്ചതായി അർഷൽ പറഞ്ഞു. പ്രതിഷേധ പരിപാടി അവസാനിച്ച ശേഷം എംഎൽഎയുടെ നേതൃത്വത്തിൽ ഒത്തുതീർപ്പിന് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.