ബ്യൂണസ് ഐറിസ്
ലോകകപ്പിലെ കിരീടനേട്ടത്തിനുശേഷം ആദ്യമായി സ്വന്തം കാണികൾക്കുമുന്നിൽ പന്ത് തട്ടാനെത്തിയ അർജന്റീനയ്ക്ക് ഇരട്ടിമധുരം. പാനമയ്ക്കെതിരായ കളിയിൽ ക്യാപ്റ്റൻ ലയണൽ മെസി റെക്കോഡിട്ടു. മിന്നുന്നൊരു ഫ്രീകിക്ക് ഗോൾകൊണ്ട് കളിജീവിതത്തിൽ 800 ഗോളെന്ന മാന്ത്രിക സംഖ്യയിലെത്തി മുപ്പത്തഞ്ചുകാരൻ. മത്സരത്തിൽ രണ്ട് ഗോളിനായിരുന്നു അർജന്റീനയുടെ ജയം. ലോക ചാമ്പ്യൻമാരുടെ കളി കാണാൻ 83,000 കാണികളാണ് ബ്യൂണസ് ഐറിസിലെ മൊനുമെന്റൽ ഡി ന്യൂനെസ് സ്റ്റേഡിയത്തിൽ ഒഴുകിയെത്തിയത്.
ആഘോഷമായിട്ടാണ് ടീമിനെ ബ്യൂണസ് ഐറിസ് വരവേറ്റത്. മെസിയും പരിശീലകൻ ലയണൽ സ്കലോണിയും ഉൾപ്പെടെയുള്ളവർ കുട്ടികളുമായാണ് കളത്തിലെത്തിയത്. കാണികൾ അർജന്റീനയുടെ ലോകകപ്പ് ഗാനം ആലപിച്ചു. വൈകാരികനിമിഷങ്ങൾക്കുശേഷമായിരുന്നു കളി തുടങ്ങിയത്. പാനമയ്ക്കെതിരെ കളിയുടെ അവസാനഘട്ടത്തിലാണ് അർജന്റീന രണ്ട് ഗോളടിച്ചത്. ഇരുപത്തൊന്നുകാരൻ തിയാഗോ അൽമാഡ ആദ്യ ഗോളടിച്ചു. മെസി മനോഹരമായ ഫ്രീകിക്കിലൂടെ പട്ടിക പൂർത്തിയാക്കി. അർജന്റീന കുപ്പായത്തിൽ 99 ഗോളായിരുന്നു ഈ മുപ്പത്തഞ്ചുകാരന്. ക്ലബ് കുപ്പായത്തിൽ 701 ഗോൾ. ഇതിൽ ബാഴ്സലോണയ്ക്കായി 672ഉം പിഎസ്ജിക്കായി 29 ഗോളും നേടി.
ലോകകപ്പിൽ ഫൈനലിൽ ഇരട്ടഗോൾ നേടിയ ടൂർണമെന്റിന്റെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പിന്നാലെ ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്കാരവും കിട്ടി. കളിജീവിതത്തിൽ മെസി നേടാത്ത നേട്ടങ്ങളില്ല. ചാമ്പ്യൻസ് ലീഗിൽ നാല് കിരീടം, സ്പാനിഷ് ലീഗിൽ 10, കോപ അമേരിക്ക ഒടുവിൽ ലോകകപ്പും. ബാലൻ ഡി ഓർ ഏഴുതവണ സ്വന്തമാക്കി. പതിമൂന്നാംവയസ്സിൽ ബാഴ്സലോണയിലെത്തിയ മെസി 35 കിരീടങ്ങൾ ക്ലബ്ബിനായി നേടി. സ്പാനിഷ് ലീഗിൽ മാത്രം 474 ഗോളടിച്ചു. അർജന്റീനയ്ക്കായി ഏറ്റവും കൂടുതൽ മത്സരം കളിച്ചതിന്റെ റെക്കോഡും മെസിയുടെ പേരിലാണ്–-172. അടുത്തയാഴ്ച കുർസാവയ്ക്കെതിരായ മത്സരത്തിൽ 100 ഗോൾ തികയ്ക്കാനുള്ള ഒരുക്കത്തിലാണ് അർജന്റീന ക്യാപ്റ്റൻ.
നിലവിൽ ഏറ്റവും കൂടുതൽ ഗോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിലാണ് –-120. ഇറാന്റെ അലി ദേയി 109 ആണ് രണ്ടാമത്. റൊണാൾഡോയ്ക്ക് കളിജീവിത്തിൽ ആകെ 828 ഗോളായി.