കൊച്ചി
സ്വകാര്യസ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്ത് പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ യൂത്ത് ലീഗ് നേതാവിനെതിരെ കേസെടുത്തു.
മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയും യൂത്ത് ലീഗ് ജില്ലാ നേതാവുമായ നഹാസ് പാറക്കലിന് (40) എതിരെയാണ് ഇൻഫോപാർക്ക് പൊലീസ് ലൈംഗികാതിക്രമത്തിന് കേസെടുത്തത്. ഭീഷണിപ്പെടുത്തിയതിനും ശാരീരികമായി ഉപദ്രവിച്ചതിനും കേസെടുത്തിട്ടുണ്ട്.
യൂത്ത് ലീഗ് പെരിന്തൽമണ്ണ നിയോജമണ്ഡലം മുൻ പ്രസിഡന്റും എംഎസ്എഫ് മലപ്പുറം ജില്ലാ മുൻ പ്രസിഡന്റുമാണ് നഹാസ് പാറക്കൽ.
ജനുവരി ഇരുപത്തൊന്നിനാണ് കേസിനാസ്പദമായ സംഭവം. അഭിമുഖവിവരങ്ങൾ ചർച്ച ചെയ്യാൻ വിളിച്ചുവരുത്തിയ പെൺകുട്ടിയോട് കാക്കനാട് ചിറ്റേത്തുകരയിലുള്ള സ്വകാര്യ ഹോട്ടലിൽവച്ച് നഹാസ് പാറക്കല്‍ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. കാക്കനാട്ടുള്ള റിക്രൂട്ട്മെന്റ് കമ്പനിയിൽ നഹാസാണ് പെൺകുട്ടിയുടെ അഭിമുഖം നടത്തിയത്. തുടർനടപടികളുടെ ഭാഗമായി നഹാസ് പെൺകുട്ടിയുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടു.
കാക്കനാട്ടെ ലേഡീസ് ഹോസ്റ്റലിൽ താമസിക്കുകയായിരുന്ന പെൺകുട്ടിയെ ജോലിക്കാര്യം ചർച്ച ചെയ്യാനെന്ന വ്യാജേനയാണ് ജനുവരി 21ന് രാത്രി ഒമ്പതിന് ഇയാൾ കാറിൽ ഹോട്ടലിലെത്തിച്ചത്. ഇവിടെവച്ച് ബിയർ നൽകി ബോധരഹിതയാക്കി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതിയിലുള്ളത്. പുറത്തുപറഞ്ഞാൽ കുടുംബത്തിന് ദോഷമാകുമെന്നു പറഞ്ഞ് നഹാസ് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.