തളിപ്പറമ്പ് > സർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനും തളിപ്പറമ്പ് കടമ്പേരി സ്വദേശി കെ വിജേഷ് എന്ന വിജേഷ് പിളളക്കുമെതിരെ സിപിഐ എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ സന്തോഷ് നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി.
മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ എം സംസഥാന സെക്രട്ടറി എം വി ഗോവിന്ദനുമെതിരെ സ്വപ്ന സുരേഷ് ഫെയ്സ്ബുക്ക് ലൈവിലൂടെ അപകീർത്തികരവും വസ്തുതാ വിരുദ്ധവുമായ ആരോപണം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരാതി. തുടർന്ന് വ്യാഴാഴ്ച രാവിലെ അന്വേഷക സംഘം ഏരിയാ സെക്രട്ടറിയുടെ മൊഴി രേഖപ്പെടുത്തി. കണ്ണൂർ സിറ്റി അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ടി കെ രത്നകുമാർ, തളിപ്പറമ്പ് ഡിവൈഎസ്പി എം പി വിനോദ്, തളിപ്പറമ്പ് സിഐ എ വി ദിനേശൻ, ഗ്രേഡ് എസ് ഐ തമ്പാൻ എന്നിവരടങ്ങിയ അന്വേഷക സംഘമാണ് മൊഴി രേഖപ്പെടുത്തിയത്.
മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരായ പരാതി പിൻവലിക്കാൻ എം വി ഗോവിന്ദന്റെ ദൂതനായി എത്തിയ വിജേഷ് പിള്ള 30കോടി രൂപ വാഗ്നം ചെയ്തെന്നാണ് സ്വപ്ന സുരേഷ് ആരോപിച്ചത്. അപകീർത്തികരമായ ആരോപണത്തിന് പിറകിലെ ഗൂഡാലോചന നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ടാണ് സിപിഐ എം പരാതി നൽകിയത്.