ഒരു ചെറിയ കാലയളവുകൊണ്ട് ഹിന്ദി ചലച്ചിത്രമേഖലയിൽ ഗുരുദത്ത് ഒരു ആരാധനാപാത്രമായി പ്രതിഷ്ഠിതനാകുകയും ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്റെ സ്മാരകമുദ്രകൾ നിക്ഷേപിക്കുകയും ചെയ്തിരുന്നു. പിന്നീട് വന്ന പുരുഷാന്തരങ്ങളാണ് ദത്തിന്റെ കലാത്മകമായ ചലച്ചിത്രങ്ങൾ തിരിച്ചറിഞ്ഞത്.
1963‐ൽ ബർലിൻ രാഷ്ട്രാന്തരീയ ചലച്ചിത്ര മത്സരവേദിയിൽ ഗുരുദത്തും വഹീദാ റഹ്മാനും പ്രധാന വേഷങ്ങളണിഞ്ഞ ”സാഹേബ് ബീവി ഔർ ഗുലാം” എന്ന ചിത്രം പ്രദർശിപ്പിച്ചത് ചില വെട്ടിച്ചുരുക്കലുകളോടെയാണ്. ഇരുപത്തഞ്ചുപേർ മാത്രമേ പ്രേക്ഷകരായെത്തിയിരുന്നുള്ളൂ. അവർപോലും ഇടക്കുവെച്ചെഴുന്നേറ്റുപോയപ്പോൾ ചിത്രം പൂർണമായും തിരസ്കരിക്കപ്പെട്ടുവെന്ന് ബോധ്യപ്പെട്ട ഗുരുദത്തും പ്രേക്ഷകരോടൊപ്പം ഇറങ്ങിപ്പോയി. സ്വന്തം ചലച്ചിത്ര ജീവിതത്തിൽ അദ്ദേഹത്തിനേറ്റ അവസാന പ്രഹരമായിരുന്നു ഈ പരാജയം. തന്റെ ചലച്ചിത്ര ജീവിതത്തിൽ വലിയ ഒരു പരിധിയോളം പങ്കുവഹിച്ച, താൻ വളർത്തിക്കൊണ്ടുവന്ന വഹീദാ റഹ്മാൻ എന്ന അഭിനേത്രിയുമായി ഉണ്ടായിരുന്ന ബന്ധം ആയിടെ ഉലഞ്ഞിരുന്നു.
ഗുരു-ദത്തും വഹീദാ റഹ്മാനും പ്യാസ സിനിമയിൽ നിന്ന്
ഈ പരാജയത്തോടെ വഹീദയുമായുള്ള ബന്ധം എന്നെന്നേക്കുമായി ഉപേക്ഷിക്കുവാൻ അവിടെവച്ചുതന്നെ ഗുരുദത്ത് നിശ്ചയിക്കുകയും ബെർലിൻ വിട്ടുപോരികയും ചെയ്തു. മടക്കയാത്രയിൽ ഗുരുദത്ത് അത്യന്തം അസ്വസ്ഥനായി നിരന്തരം മദ്യപിക്കുകയായിരുന്നുവെന്ന് സഹയാത്രികനായിരുന്ന ബി ആർ ചോപ്ര നിരീക്ഷിച്ചിരുന്നു ‐ അവസാനത്തിന്റെ ആരംഭമായിരുന്നു അത്.കൈവശമുണ്ടായിരുന്ന ഉറക്കഗുളികകൾ മുഴുവനുമുപയോഗിച്ചിട്ടും നാല് രാത്രികളോളം അദ്ദേഹത്തിന് ഉറങ്ങുവാൻ കഴിഞ്ഞില്ല. ഭ്രാന്തുപിടിച്ചേക്കുമെന്ന് തോന്നുന്നുവെന്ന് തന്റെ തിരക്കഥാകൃത്തായ ബിമൽ മിത്രയോട് ദത്ത് തുറന്നുപറഞ്ഞു.
ദത്ത് മൂന്നാമത്തെ ആത്മഹത്യാശ്രമത്തിലാണ് വിജയിച്ചത്. ആദ്യത്തെ ആത്മഹത്യാശ്രമത്തിനുശേഷം ഒരു ഉറ്റമിത്രം ചോദിച്ചു, ”അങ്ങെന്തിനിതു ചെയ്തു? ആളുകൾ ധനത്തിനും കീർത്തിക്കുംവേണ്ടി പരക്കം പായുന്നു. അങ്ങേക്കാണെങ്കിൽ ഇവ ആവശ്യത്തിലേറെയുണ്ടുതാനും. എന്തിനിങ്ങനെ ജീവിതത്തോട് അസഹിഷ്ണുവാകുന്നു?”
”ജീവിതത്തോടല്ല എന്റെ അസംതൃപ്തി. എന്റെ അസംതൃപ്തി എന്നോടുതന്നെയാണ്” എന്നായിരുന്നു ദത്തിന്റെ മറുപടിയത്രേ. കഠിനമായ ഉത്കണ്ഠയും നൈരാശ്യവും അദ്ദേഹത്തെ നിദ്രാരാഹിത്യത്തിലേക്ക് തള്ളിവിട്ടു. മരിക്കുമ്പോൾ വെറും മുപ്പത്തൊമ്പതേ പ്രായമുണ്ടായിരുന്നുള്ളു. ജീവിതം നൽകിയ സമ്മർദങ്ങളിൽനിന്നും അദ്ദേഹം രക്ഷപ്പെട്ടത് മദ്യത്തിൽ ഉറക്കഗുളികൾ ചാലിച്ച് കഴിച്ചാണ്. ഒരു ചെറിയ കാലയളവുകൊണ്ട് ഹിന്ദി ചലച്ചിത്രമേഖലയിൽ ഗുരുദത്ത് ഒരു ആരാധനാപാത്രമായി പ്രതിഷ്ഠിതനാകുകയും ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്റെ സ്മാരകമുദ്രകൾ നിക്ഷേപിക്കുകയും ചെയ്തിരുന്നു.
പിന്നീട് വന്ന പുരുഷാന്തരങ്ങളാണ് ദത്തിന്റെ കലാത്മകമായ ചലച്ചിത്രങ്ങൾ തിരിച്ചറിഞ്ഞത്. പ്യാസ, കാഗസ് കേ ഫൂൽ, സാഹേബ് ബീവി ഔർ ഗുലാം എന്നിവയാണ് പ്രമാണപ്പെട്ട ചിത്രങ്ങൾ. ദേവാനന്ദ്, രാജ്കപൂർ, ദിലീപ് കുമാർ എന്നിവരോടാണ് ഒരു നടൻ എന്ന നിലയിൽ ദത്തിന് മത്സരിക്കേണ്ടിയിരുന്നതെന്നോർക്കണം. ഒരു സിനിമാനടന്റെ പകിട്ടുനിറഞ്ഞ ജീവിതം വളരെയെളുപ്പം കൈവരിക്കാമായിരുന്നിട്ടും സംവിധാന കലയെയാണ് അദ്ദേഹം വരിച്ചത്. സൃഷ്ടിപ്രക്രിയയുടെ ആനന്ദം ആ സർഗാത്മക കലാകാരനെ ആയുരന്തം ഒഴിയാബാധയെപ്പോലെ വേട്ടയാടി.
മിതഭാഷിയും അന്തർമുഖനുമായിരുന്ന ദത്തിന് സിനിമാ സൽക്കാരരാത്രിമേളകളോടോ അഭിമുഖങ്ങളോടോ യാതൊരു താൽപ്പര്യവുമുണ്ടായിരുന്നില്ല. ധനം ഒരു മാർഗമെന്നല്ലാതെ ലക്ഷ്യമായി കണക്കാക്കിയിരുന്നില്ലെന്ന് സഹായിയായിരുന്ന അബ്റാൽ അൽവി നിരീക്ഷിക്കുന്നു.
ഉദയശങ്കറിന്റെ ‘കൽപ്പന’ എന്ന നൃത്തസംഘത്തിലെ നർത്തകനായായിരുന്നു ഗുരുദത്തിന്റെ കലാജീവിതം ആരംഭിച്ചത്.
സാഹേബ്- ബീവി ഔർ ഗുലാമിൽ നിന്ന് ഒരു രംഗം
1945‐ൽ ലോകമഹായുദ്ധത്തെത്തുടർന്ന് ഉദയശങ്കർ കൽപ്പനയുടെ പ്രവർത്തനമവസാനിപ്പിച്ചതോടെ ഗുരുദത്ത് വീട്ടിൽ തിരിച്ചെത്തി. ഒരു നൃത്തസംവിധായകനായി ബോംബെ സിനിമാമേഖലയിൽ പ്രവർത്തിക്കുവാൻ അമ്മാവനായ ബി ബി ബനഗൽ സഹായിച്ചു. പ്രഭാത് സ്റ്റുഡിയോയിൽവെച്ച് വൈകാതെ സഹസംവിധായകനാകുവാനും നടനാകുവാനും ദത്തിന് കഴിഞ്ഞു. ‘ലഖാറാണി’ എന്ന ചിത്രത്തിലാണ് ആദ്യമായഭിനയിച്ചത് (1945). ഒരു ഉപകഥാപാത്രത്തെയാണവതരിപ്പിച്ചത്. അക്കാലത്താണ് സംവിധായകനാകുന്നതിലൂടെ മാത്രമേ തനിക്ക് ആത്മാവിഷ്കാരം സാധ്യമാകൂ എന്ന് ദത്ത് തിരിച്ചറിയുന്നത്.
കലാപരമായ ചിത്രങ്ങൾ എടുത്തപ്പോഴൊക്കെയും ലാഭനഷ്ടങ്ങളെക്കുറിച്ച് ദത്ത് ചിന്തിച്ചിരുന്നില്ല. ആശയങ്ങളായിരുന്നു പ്രധാനം. ചില കച്ചവട സിനിമകൾ സംവിധാനം ചെയ്തതിനുശേഷമാണ് പ്രഖ്യാതമായ ‘പ്യാസ’ നിർമിക്കുവാൻ ദത്തിന് കഴിഞ്ഞത്. താൻ യൗവനാരംഭത്തിലെഴുതിയ ‘കശ്മകഷ്’ എന്ന കഥയാണ് പ്യാസക്കുവേണ്ടി ദത്ത് ആധാരമാക്കിയത്.
ഒരു സംവിധായകൻ എന്ന നിലയിൽ ചുവടുറപ്പിച്ചുകൊണ്ടിരിക്കെ പ്രഖ്യാത ഗായികയായിരുന്ന ‘ഗീതാറായി’യെ ദത്ത് കണ്ടുമുട്ടുകയും ഇരുവരും പ്രണയത്തിലാകുകയും ചെയ്തു. ദത്ത് ഏറെക്കുറെ നവാഗതനായിരുന്നുവെങ്കിൽ ഗീത ഗായികയെന്ന നിലയിൽ പ്രശസ്തിയുടെ ഉച്ചസ്ഥായിയിലായിരുന്നു. ഇരുവരുടെയും സ്വഭാവശൈലികൾ തീർത്തും വിരുദ്ധങ്ങളായിരുന്നുവെന്നത് പിന്നീട് ആ ബന്ധത്തിൽ വിള്ളലുകൾ വീഴ്ത്തി. ദത്ത് തുടർച്ചയായി വഹീദാ റഹ്മാനെ നായികയാക്കി ചിത്രങ്ങളെടുത്തതും ആ ദാമ്പത്യം ശിഥിലമാകുവാൻ കാരണമായി, ആദ്യത്തെ പ്രസവത്തിനുശേഷം ഗീതാദത്തിന് അവസരങ്ങൾ കുറഞ്ഞുവന്നു, മാത്രമല്ല, അവർ തന്റെ സംഗീതസപര്യയിൽ വേണ്ടത്ര ശ്രദ്ധിക്കാതെയുമായി.
ദത്തിൽ ഉറങ്ങിക്കിടന്നിരുന്ന ബംഗാളി യാഥാസ്ഥിതികത്വം തന്റെ ഭാര്യയെ ഒരു കുടുംബിനിയായി കാണാനാണ് താൽപ്പര്യപ്പെട്ടത്. പക്ഷേ ഗീതയാകട്ടെ തന്റെ തൊഴിൽ ഉപേക്ഷിക്കുവാൻ തയ്യാറായതുമില്ല.
ദത്തിൽ ഉറങ്ങിക്കിടന്നിരുന്ന ബംഗാളി യാഥാസ്ഥിതികത്വം തന്റെ ഭാര്യയെ ഒരു കുടുംബിനിയായി കാണാനാണ് താൽപ്പര്യപ്പെട്ടത്. പക്ഷേ ഗീതയാകട്ടെ തന്റെ തൊഴിൽ ഉപേക്ഷിക്കുവാൻ തയ്യാറായതുമില്ല. അവർ തമ്മിലുള്ള ബന്ധം തീർത്തും ശിഥിലമാകുകയും ദത്ത് കഠിനമായ മദ്യപാനത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്തു. ഇരുവരും വിട്ടുവീഴ്ചകൾക്ക് തയ്യാറായതേയില്ല. പലവട്ടം ഗീതാദത്ത് മാതൃഗൃഹത്തിലേക്ക് തിരിച്ചുപോയി.
ചലച്ചിത്രങ്ങൾ പാതിവഴിയിൽ ഉപേക്ഷിക്കുകയെന്നത് ദത്തിന്റെ ഒരു പതിവായിരുന്നു. അനേകം ധനവും സമയവും വ്യയം ചെയ്തതിനുശേഷമാവും ഇത്തരം പിന്മാറ്റങ്ങൾ. വഹീദാറഹ്മാനുപകരം ഗീതാദത്തിനെ നായികയാക്കി ‘ഗൗരി’ എന്ന ബംഗാളി ചിത്രമെടുത്തപ്പോഴും ഇത് സംഭവിച്ചു. പക്ഷേ ഇത്തവണ ‘ഗീതാദത്തിന്റെ നിസ്സഹരണമായിരുന്നു ചിത്രീകരണം തടസ്സപ്പെടുത്തിയത്’ എന്ന് പറയപ്പെടുന്നു. പിന്നീട് ‘റാസ’ എന്ന ചിത്രത്തിനും ഈ വിധിയുണ്ടായി.
തുടർന്ന് ഇന്ത്യയിലെ ആദ്യ സിനിമാസ്കോപ്പ് ചിത്രമായ ‘കാഗസ് കേ ഫൂൽ’ സ്വാനുഭവങ്ങളെ ആധാരമാക്കി ചിത്രീകരിച്ചു. കലാപരമായ ഔന്നത്യമുണ്ടായിരുന്ന ആ ചിത്രം സ്വീകരിക്കുവാൻ തക്ക ആസ്വാദനശേഷി പ്രേക്ഷകർക്കുണ്ടായിരുന്നില്ല. ചിത്രത്തിന്റെ ആദ്യപ്രദർശനം തന്നെ പരാജയമായിരുന്നുവെന്ന് ദത്തിന്റെ ബന്ധുവും പിന്നീട് വിഖ്യാത സംവിധായകനുമായ ശ്യാം ബനഗൽ ഓർമിക്കുന്നു.
ഇനി താൻ ചിത്രങ്ങൾ സംവിധാനം ചെയ്യുകയില്ല എന്ന ശപഥമെടുക്കുവോളം ആ പരാജയം ഗുരുദത്തിനെ അലട്ടി. തന്റെ സ്റ്റുഡിയോ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ കഴിയാത്ത നിലയിലായിക്കഴിഞ്ഞിരുന്ന ദത്തിനെ അഭ്യുദയകാംക്ഷികൾ ഒരു ചിത്രം കൂടി നിർമിക്കുവാൻ പ്രേരിപ്പിച്ചു. റഹ്മാൻ, ജോണിവാക്കർ എന്നീ പഴയ നടന്മാരായിരുന്നു ആ ഉപദേശകർ. ‘ചൗന്ദ്വിൻ കാ ചാന്ദ്’ എന്ന കച്ചവടമൂല്യമുള്ള സിനിമ ദത്തിനെ സാമ്പത്തികത്തകർച്ചയിൽനിന്നും രക്ഷിച്ചുവെങ്കിലും
ഏത് സൗഭാഗ്യവും സന്തോഷം പകരാത്തവിധം ആത്മവേദനയായിരുന്നു ആ സമയത്തും ദത്തിനെ അലട്ടിയിരുന്നത്.
”തനിക്ക് ഭ്രാന്തു പിടിക്കുമോ?” എന്ന് അദ്ദേഹം സദാ സംശയിച്ചിരുന്നു. മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും ദുരുപയോഗം തീർച്ചയായും ഇത്തരം ആധികളെ ആളിക്കത്തിച്ചിരുന്നിരിക്കണം.
”തനിക്ക് ഭ്രാന്തു പിടിക്കുമോ?” എന്ന് അദ്ദേഹം സദാ സംശയിച്ചിരുന്നു. മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും ദുരുപയോഗം തീർച്ചയായും ഇത്തരം ആധികളെ ആളിക്കത്തിച്ചിരുന്നിരിക്കണം.
താൻ കണ്ടെത്തിയ പുതുമുഖമായിരുന്ന വഹീദാറഹ്മാന്റെ പിടിവാശികൾക്ക് സ്റ്റുഡിയോയിലെത്തിയാൽ ഏകശാസനാവാദിയാകുമായിരുന്ന ഗുരുദത്ത് വഴങ്ങുന്നതുകണ്ട് സഹപ്രവർത്തകർ വിസ്മയിച്ചിരുന്നു. അവർ തമ്മിലുള്ള ബന്ധം ദുർജ്ഞേയമായി വളർന്നു. തന്റെ സങ്കൽപ്പത്തിലെ സൗന്ദര്യദേവതയെ വഹീദയിൽ ദത്ത് കണ്ടെത്തിയിരിക്കാമെന്ന് ചിലർ ആ ബന്ധത്തെ സാധൂകരിച്ചിട്ടുണ്ട്.
‘ചൗദ്വിൻ കാചാന്ദിൽ’ ഒരു ഗാനം മാത്രം ഗീതാദത്ത് പാടി. അതോടെ വഹീദ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്കുവേണ്ടിയുള്ള ആലാപനം അവർ അവസാനിപ്പിച്ചു. ആയിടെ ഭർത്താവിനെക്കുറിച്ചുളള ദുഷ്പ്രവാദങ്ങൾ ഗീതാദത്തിനേയും മദ്യത്തിലേക്കും ഉറക്കഗുളികകളിലേക്കും നയിച്ചു. അതിനകം മൂന്നു കുട്ടികളുടെ മാതാവായിക്കഴിഞ്ഞിരുന്നു ആ സ്ത്രീ. അങ്ങനെ ഒരേ കൂരയ്ക്കുകീഴിൽ രണ്ട് ആത്മപീഡകർ പരസ്പരം ഒന്നും വിനിമയം ചെയ്യാത്ത നിലയിൽ ജീവിതം തുടർന്നു.
കച്ചവട സിനിമയുടെ വിജയരഹസ്യം മറ്റാരേക്കാളും തിരിച്ചറിഞ്ഞിരുന്ന ദത്ത് അത്തരം വിഷയങ്ങൾ ചിത്രീകരിച്ചപ്പോഴൊക്കെ വിജയക്കൊടി നാട്ടിയെന്നതിന് അനേകം ഉദാഹരണങ്ങളുണ്ട്. തന്റെ സഹോദരനായ മുകുൾറോയി നിർമിച്ച ചിത്രത്തിനുവേണ്ടി കണക്കറ്റ് ധനം സഹായിച്ച ഗീതാദത്ത് ചിത്രത്തിന്റെ പരാജയത്തോടെ പാപ്പരായിത്തീർന്നത് ഈ സംഘർഷങ്ങൾക്കിടയിലാണ്.
ഗീതാദത്ത്
അവസാന ചിത്രമായ ‘സാഹേബ് ബീവി ഔർ ഗുലാം’ എന്ന ചിത്രത്തിലെത്തിയപ്പോഴേക്കും കുടുംബ ജീവിതത്തിലെ കലക്കങ്ങൾ അപരിഹാര്യമായിക്കഴിഞ്ഞിരുന്നു. ഗീതാദത്ത് അവസാനവട്ടം അമ്മയുടെ വീട്ടിലേക്ക് മൂന്നു കുട്ടികളേയും കൊണ്ട് മാറി. ‘സാഹേബ് ബീവി ഔർ ഗുലാം’ തന്റെ സഹായിയും വിശ്വസ്തനുമായിരുന്ന അബ്റാൻ അൽവിയെയാണ് ദത്ത് സംവിധാനച്ചുമതല ഏൽപ്പിച്ചതെങ്കിലും ഗാനരംഗങ്ങൾ ദത്തുതന്നെ സംവിധാനംചെയ്തു. ഗാനരംഗചിത്രീകരണത്തിൽ ദത്തിനുള്ള സിദ്ധി സവിശേഷമായിരുന്നുവല്ലോ. ഈ ചിത്രനിർമാണത്തിനിടെയുണ്ടായ പിതാവിന്റെ മരണം ദത്തിനെ കൂടുതൽ അനാഥനും വ്യഥിതചിത്തനുമാക്കി.
സ്റ്റുഡിയോക്കുള്ളിൽ തികഞ്ഞ അച്ചടക്കം പുലർത്താൻ കഴിഞ്ഞുവെങ്കിലും വ്യക്തിജീവിതത്തിൽ അന്തംവിട്ട അരാജകത്വത്തിലേക്ക് വഴുതി. ആന്തരികാവയവങ്ങളേയും സിരകളേയും കനത്ത മദ്യപാനം ബാധിച്ചു. രണ്ടാമത്തെ ആത്മഹത്യാശ്രമം മുപ്പത്തെട്ട് ഉറക്കഗുളികകൾ ഒരുമിച്ചുകഴിച്ചായിരുന്നു. ശ്രമം പരാജയപ്പെട്ട ദത്ത് അതിനുശേഷം ഒന്നും സംഭവിച്ചിട്ടില്ലെന്നപോലെ സ്റ്റുഡിയോയിലേക്കു പോയി. മൂന്നു ദിവസം അബോധാവസ്ഥയിലായിരുന്നുവത്രേ.
ആത്മഹത്യാക്കുറിപ്പിൽ സഹോദരനായ ആത്മാറാമിനോട് തന്റെ മരണശേഷം ഭാര്യയേയും കുട്ടികളേയും സംരക്ഷിക്കണമെന്നും സ്റ്റുഡിയോ നോക്കി നടത്തണമെന്നും അപേക്ഷിച്ചിരുന്നു. അത്തരം ആത്മഹത്യാശ്രമങ്ങളിലൂടെ മഹാനായ ആ കലാകാരൻ സഹായത്തിന് കേഴുകയായിരുന്നുവെന്ന് ആരും തിരിച്ചറിഞ്ഞില്ല. പിന്നീട് മാതൃഗൃഹത്തിൽവെച്ച് കൈത്തണ്ട മുറിച്ച് ആത്മഹത്യയനുഷ്ഠിക്കുവാൻ ഗീതാദത്ത് പരിശ്രമിക്കുകയുണ്ടായി.
ഗുരുദത്ത്
സ്വന്തം നഗരമായ കൊൽക്കത്തയിലേക്കു മടങ്ങുവാനും ബംഗാളി ചിത്രങ്ങൾ സംവിധാനം ചെയ്യുന്നതിനുമുള്ള ദത്തിന്റെ മോഹം ഒരിക്കലും സഫലമായില്ല. ”എന്റെ മരണശേഷമേ ഞാൻ എത്രമാത്രം നിന്നെ സ്നേഹിച്ചിരുന്നുവെന്ന് നീ തിരിച്ചറിയൂ” എന്ന് ദത്ത് ഗീതയ്ക്കുള്ള ഒരു കത്തിലെഴുതി.
അവസാനകാലം വരെ ഒരു അഭിനേതാവെന്ന നിലയിൽ തനിക്കുള്ള മേന്മ ഗുരുദത്ത് തിരിച്ചറിഞ്ഞില്ല. ‘പ്യാസ’യിൽ ദത്ത് അഭിനയിച്ച നായകപാത്രത്തെ അവതരിപ്പിക്കേണ്ടിയിരുന്നത് ദിലീപ്കുമാറായിരുന്നു.
ദേവദാസിലെ തന്റെ കഥാപാത്രത്തിന് സമാനമാണോ പ്യാസയിലെ വേഷമെന്ന് തെറ്റിദ്ധരിച്ചാണ് ദിലീപ്കുമാർ അവസാന നിമിഷം പിന്മാറിയത്. പക്ഷേ ഗുരുദത്തിനെ നടനെന്ന നിലയിൽ അതിശയിക്കുവാൻ ദിലീപ്കുമാറിന് കഴിയുമായിരുന്നില്ല എന്ന് വ്യക്തമാണ്. പ്യാസയിലെ ഗാനങ്ങൾ അരനൂറ്റാണ്ടിനുശേഷവും ഇന്നും സംഗീതപ്രേമികളുടെ ചുണ്ടിലവശേഷിക്കുന്നു. തിരക്കഥയെ ഏറെ ആശ്രയിക്കുമായിരുന്നില്ല ഈ സംവിധായകൻ.
ആ ചലച്ചിത്രങ്ങൾ സെറ്റുകളിൽവെച്ച് ‘സൃഷ്ടിക്കപ്പെടുക’യായിരുന്നു. സംഭാഷണങ്ങളിൽപ്പോലും ഷൂട്ടിങ് വേളയിൽ തിരുത്തലുകൾ വരുത്തുമായിരുന്നു. പ്യാസയുടെ അന്ത്യരംഗത്തിൽ പൂർണതയ്ക്കുവേണ്ടി നൂറ്റിനാല് ടേക്കുകൾക്ക് ഗുരുദത്ത് സന്നദ്ധനായത്രേ.
അവസാനത്തെ ആത്മഹത്യാശ്രമത്തിനുമുമ്പ് ഗുരുദത്ത് അർധരാത്രി കഴിഞ്ഞ് രാജ്കപൂറിനെ ഫോണിൽ വിളിച്ച് പൊട്ടിപ്പൊട്ടി കരഞ്ഞിരുന്നുവെന്ന് രാജ്കപൂർ ഓർമിക്കുന്നു. അപ്പോൾത്തന്നെ രാജിനെ കാണണമെന്നതായിരുന്നു ദത്തിന്റെ ആവശ്യം. രണ്ടുമണി കഴിഞ്ഞിരുന്നതിനാൽ രാവിലെ കാണാമെന്ന് രാജ് സാന്ത്വനിപ്പിച്ചുവെങ്കിലും ഗുരുദത്ത് കാത്തിരിക്കുവാൻ കൂട്ടാക്കിയില്ല.
എൺപതുകളോടെയാണ് ഗുരുദത്തിന്റെ കലാമൂല്യമുള്ള ചിത്രങ്ങൾക്ക് വ്യാപകമായ അംഗീകാരം ലഭിക്കുന്നത്. ആദ്യം പുറത്തിറങ്ങിയപ്പോൾ പരാജയമായിരുന്ന ‘കാഗസ് കേ ഫൂൽ’ പോലും ചലച്ചിത്രമേളകളിലും വിദേശ പ്രേക്ഷകർക്കിടയിലും ശ്രദ്ധ നേടി. ദത്തിന്റെ സഹോദരിയായ ലളിതാ ലജ്മി പറയുന്നു: ”ഞാൻ ഗുരുദത്തിന്റെ സഹോദരിയാണെന്ന് കേട്ട് ലണ്ടനിൽവെച്ച് പ്യാസയുടെ പ്രദർശനശേഷം ഒരു യുവാവ് ഓടിവന്ന് എന്റെ പാദങ്ങളിൽ സ്പർശിച്ചു. തന്റെ സിനിമ ആഘോഷിക്കപ്പെടുന്നത് കാണുവാൻ എന്റെ സഹോദരൻ ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിലെന്ന് ഞാൻ അപ്പോൾ മോഹിച്ചുപോയി”.