തൃശൂർ> ഒളരി മദർ ആശുപത്രിയിലെ നവജാതശിശു ഐസിയുവിൽ തീപിടിത്തം. എസി യൂണിറ്റിനാണ് തീ പിടിച്ചത്. വാർഡിൽ ഏഴ് കുട്ടികളും തൊട്ടടുത്ത ലേബർ റൂമിൽ രണ്ട് ഗർഭിണികളും ണ്ടായിരുന്നു. ഇവരെ നഴ്സുമാർ ഉടൻ മാറ്റിയതിനാൽ വലിയ അപകടം ഒഴിവായി. തൃശൂർ അഗ്നി ആന്റ് രക്ഷാ യൂണിറ്റ് എത്തി തീ അണച്ചു.
ബുധനാഴ്ച പകൽ പന്ത്രണ്ടരയോടെയാണ് സംഭവം. നവജാത ശിശു തീവ്രപരിചരണ വിഭാഗത്തിലെ എസിയിൽ തീ പടരുകയായിരുന്നു. സന്ദേശം ലഭിച്ചയുടനെ ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്ക്കറിന്റെ നേതൃത്വത്തിൽ തൃശ്ശൂർ അഗ്നിരക്ഷ നിലയത്തിൽ നിന്നും രണ്ടു യുണിറ്റ് ഫയർ എൻജിനുകൾ എത്തി അതിവേഗം തീ അണച്ചു. എന്നാൽ വാർഡ് നിറയെ പുക നിറയുകയായിരുന്നു. എൻഎൻഐസിയു യൂണിറ്റിൽ നിന്ന് ലേബർ റൂമിലേക്ക് പുക പടർന്നതിനാൽ ലേബർ റൂമിലെ സ്ത്രീകളെയും അടുത്തുള്ള വാർഡിലേക്ക് മാറ്റി.
സ്റ്റേഷൻ ഓഫീസർ കെ യു വിജയ് കൃഷ്ണ, അസ്സിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ പി രഘുനാഥ്, ശരത് ചന്ദ്രബാബു, സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ കെ എ ജ്യോതികുമാർ എന്നിവരുടെ നേതൃത്വത്തിൽ സേനാംഗങ്ങളാണ് രക്ഷാപ്രവർത്തനം നടത്തിയത്. എസിയായതിനാൽ വെന്റിലേഷൻ കുറവായിരുന്നു. ചില്ലുകൾ പൊട്ടിച്ചാണ് പുക പുറത്ത് വിട്ടത്. എസിയുണിറ്റിലെ ഷോർട് സർക്യൂട്ടാണ് തീപിടുത്ത കാരണമെന്ന് കരുതുന്നതായി അഗ്നിരക്ഷാ സേന അറിയിച്ചു. ആശുപത്രിയിൽ ഫയർ സുരക്ഷാ സിസ്റ്റം ഉണ്ടെങ്കിലും പലതും പ്രവർത്തിക്കുന്നില്ലെന്ന് ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്കർ പറഞ്ഞു. നേരത്തെ പരിശോധന നടത്തി ആശുപത്രി അധികൃതർക്ക് നോട്ടീസ് നൽകിയിട്ടുള്ളതാണെന്നും ജില്ലാ ഫയർ ഓഫീസർ അറിയിച്ചു.