കോട്ടയം> ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിലിൻ്റെ സംസ്കാരം ഇന്ന് നടക്കും. ചങ്ങനാശ്ശേരി മെട്രോപൊലീത്തൻ പള്ളിയിൽ സംസ്കാര ശുശ്രൂഷകൾക്ക് തുടക്കമായി. സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ് നേതൃത്വം നൽകുന്നത്. ആർച്ചുബിഷപ് മാർ ജോസഫ് പെരുന്തോട്ടവും മറ്റു മെത്രാപോലീത്തമാരും മെത്രാൻമാരും സഹകാർമ്മികരാണ്.
വിശുദ്ധ കുർബാനയ്ക്ക് ശേഷം നഗരി കാണിക്കൽ ചടങ്ങിൽ 250 പരം ഇടവകളിൽ നിന്നും വിശ്വാസികൾ പങ്കെടുക്കും. പ്രിയ ഇടയന് അന്തിമോപചാരമർപ്പിക്കാൻ ആയിരങ്ങളാണ് ചങ്ങനാശേരി സെൻ്റ് മേരീസ് കത്തീഡ്രലിൽ ഒഴുകിയെത്തുന്നത്. ഇന്നലെ രാവിലെ ചങ്ങനാശ്ശേരി രൂപത ആസ്ഥാനത്ത് പ്രാർത്ഥനകൾക്ക് ശേഷം വിലാപയാത്രയായാണ് മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോയത്. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം നടക്കുക. സംസ്ഥാന പൊലീസ് സേന ഗാർഡ് ഓഫ് ഓണർ നൽകി ആദരിക്കും.
കത്തീഡ്രൽ പള്ളിയിൽ മാർ പൗവത്തിലിന് ആദരാഞ്ജലി അർപ്പിക്കാൻ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവരെത്തി. സ്പീക്കർ എ എൻ ഷംസീർ, മന്ത്രിമാരായ വി എൻ വാസവൻ, സജി ചെറിയാൻ, റോഷി അഗസ്റ്റിൻ, മുൻ കേന്ദ്രമന്ത്രി കെ വി തോമസ്, എംപിമാരായ ജോസ് കെ മാണി, കൊടിക്കുന്നിൽ സുരേഷ്, എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ, എംഎൽഎമാരായ അഡ്വ. ജോബ് മൈക്കിൾ, ഗണേഷ്കുമാർ, പി ജെ ജോസഫ്, അനൂപ് ജേക്കബ്, രമേശ് ചെന്നിത്തല, മാണി സി കാപ്പൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക്, മുൻമന്ത്രി കെ സി ജോസഫ്, സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസ്സൽ, സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ, ഏരിയ സെക്രട്ടറി കെ സി ജോസഫ്, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, പുതൂർപ്പള്ളി മുസ്ലിം ജമാഅത്ത് പ്രസിഡന്റ് പി എസ് എം ബഷീർ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, രാജു എബ്രഹാം തുടങ്ങി വിവിധ സാമുദായിക സാംസ്കാരിക രാഷ്ട്രീയ മേഖലയിലുള്ളവരെത്തി ആദരാഞ്ജലി അർപ്പിച്ചു