മുംബൈ
ഡൽഹി ക്യാപിറ്റൽസ് വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റ് ഫൈനലിൽ. യുപി വാരിയേഴ്സിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് മുന്നേറ്റം. മുംബൈ ഇന്ത്യൻസും യുപിയും തമ്മിലാണ് എലിമിനേറ്റർ പോരാട്ടം. ഇതിൽ ജയിക്കുന്ന ടീം ഫൈനലിൽ ഡൽഹിയെ നേരിടും. 26നാണ് ഫൈനൽ. എലിമിനേറ്റർ 24നും. മറ്റൊരു മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നാല് വിക്കറ്റിന് തോൽപ്പിച്ചെങ്കിലും മുംബൈക്ക് ഡൽഹിയെ മറികടക്കാനുള്ള റൺനിരക്കുണ്ടായില്ല. റൺനിരക്കിൽ മുംബൈ രണ്ടാമതായി.
ഡൽഹി യുപിയെ 2.1 ഓവർശേഷിക്കെയാണ് തോൽപ്പിച്ചത്.ആദ്യം ബാറ്റ് ചെയ്ത യുപി ആറ് വിക്കറ്റ് നഷ്ടത്തിൽ 138 റണ്ണെടുത്തു. 32 പന്തിൽ 58 റണ്ണുമായി പുറത്താകാതെനിന്ന താഹില മഗ്രാത്താണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഡൽഹിക്കായി ആലിസ് ക്യാപ്സി മൂന്ന് വിക്കറ്റ് വീഴ്ത്തി.
മറുപടിക്കെത്തിയ ഡൽഹിക്കായി ക്യാപ്റ്റൻ മെഗ് ലാന്നിങ്ങും (23 പന്തിൽ 39) ഷഫാലി വർമയും (16 പന്തിൽ 21) മികച്ച തുടക്കം നൽകി. ക്യാപ്സി 31 പന്തിൽ 34 റണ്ണെടുത്തു. മറിസാനെ കാപ്പ് 31 പന്തിൽ 34 റണ്ണുമായി പുറത്താകാതെനിന്നു. യുപി മൂന്നാംസ്ഥാനക്കാരായാണ് എലിമിനേറ്ററിൽ എത്തിയത്. മുംബൈക്കെതിരെ ബാംഗ്ലൂരിന് ഒമ്പതിന് 125 റണ്ണെടുക്കാനേ കഴിഞ്ഞുള്ളൂ. മുംബൈ 16.3 ഓവറിൽ ജയം നേടി. സീസണിൽ രണ്ട് കളിമാത്രമാണ് ബാംഗ്ലൂരിന് ജയിക്കാനായത്. ബാംഗ്ലൂരിനൊപ്പം ഗുജറാത്ത് ജയന്റ്സും പുറത്തായിരുന്നു.