കൊച്ചി
ആമയുടെ പുറത്ത് പണംവച്ചാൽ ഇരട്ടിക്കുമെന്ന് വിശ്വസിപ്പിച്ച് കാമുകിയുടെ 23 പവൻ തട്ടിയെടുത്ത കേസിൽ യുവാവും സുഹൃത്തും അറസ്റ്റിലായി. കാമുകൻ ഇടുക്കി ചുരുളിപതാൽ ആൽപ്പാറ മുഴയിൽ വീട്ടിൽ കിച്ചു ബെന്നി (23), സുഹൃത്ത് രാജസ്ഥാൻ മിലാക്പുർ സ്വദേശി വിശാൽ മീണ (28) എന്നിവരെയാണ് എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കിച്ചുവിന്റെ കാമുകിയായ ഇടുക്കി സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ശുചീകരണത്തൊഴിലാളിയായ യുവതിയെ പറഞ്ഞു കബളിപ്പിച്ചാണ് സ്വർണാഭരണങ്ങൾ തട്ടിയെടുത്തത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: യുവതിയും കിച്ചു ബെന്നിയും വിശാൽ മീണയും സുഹൃത്തുക്കളാണ്. മൂവരും ഒരേയിടത്ത് ശുചീകരണത്തൊഴിലാളികളായി മുന്പ് ജോലി ചെയ്തിരുന്നു. ഇവരുടെ സംസാരത്തിനിടെ, രാജസ്ഥാനിലെത്തി ആമയുടെ മുകളിൽ പണംവച്ച് പ്രത്യേക പൂജ ചെയ്താൽ പണം ഇരട്ടിക്കുമെന്ന് വിശാൽ മീണ യുവതിയെ വിശ്വസിപ്പിച്ചു. ഇത്തരം പൂജയുടെ യുട്യൂബ് വീഡിയോ ഇയാൾ യുവതിയെ കാണിച്ച് വിശ്വസിപ്പിച്ചു. തുടർന്ന്, വിശാലിന്റെ സഹായത്തോടെ യുവതിയുടെ കൈയിൽനിന്ന് സ്വർണം വാങ്ങി രാജസ്ഥാനിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു. ഇരുവരെയും പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. ബുധനാഴ്ച പ്രതികളെ കോടതിയിൽ ഹാജരാക്കും.
മട്ടാഞ്ചേരിയിൽവച്ചാണ് സ്വർണാഭരങ്ങൾ യുവതിയുടെ കൈയിൽനിന്ന് പ്രതികള് വാങ്ങിയത്. സ്വർണം നഷ്ടപ്പെട്ട്, യുവതി വഴിയരികിൽനിന്ന് കരയുന്നത് കണ്ടയാളാണ് ഇവരെ നോർത്ത് സ്റ്റേഷനിലെത്തിച്ചത്. കിച്ചു ബെന്നിയെ കുണ്ടന്നൂരിലെ വാടകവീട്ടിൽനിന്നും വിശാൽ മീണയെ ഷൊർണൂരിൽനിന്നുമാണ് പിടികൂടിയത്. നോർത്ത് ഇൻസ്പെക്ടർ കെ ജി പ്രതാപചന്ദ്രൻ, സബ് ഇൻസ്പെക്ടർമാരായ ടി എസ് രതീഷ്, എൻ ആഷിഖ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.