കൊച്ചി> കേരളത്തിന്റെ സ്നേഹാദരങ്ങളേറ്റുവാങ്ങി രാഷ്ട്രപതി ദ്രൗപദി മുർമു ഡൽഹിക്ക് മടങ്ങി. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വ്യവസായ മന്ത്രി പി രാജീവ്, സർജന്റ് റിയർ അഡ്മിറൽ ദിനേശ് ശർമ, കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കെ സേതുരാമൻ, കലക്ടർ എൻ എസ് കെ ഉമേഷ്, റൂറൽ എസ്പി വിവേക് കുമാർ എന്നിവർ ചേർന്ന് യാത്രയാക്കി. ലക്ഷദ്വീപിൽ നിന്ന് ചൊവാഴ്ച്ച 12.30 നാണ് രാഷ്ട്രപതിയത്തിയെത്തിയത്. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലായിരുന്നു മടക്കം.
16 നാണ് രാഷ്ട്രപതി കേരളത്തിൽ എത്തിയത്. തുടർന്ന് കൊച്ചി, തിരുവനന്തപുരം, കൊല്ലം, കന്യാകുമാരി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ വിവിധ പരിപാടികളിൽ പങ്കെടുത്തു. ഹൃദ്യമായ സ്വീകരണമാണ് കേരളം രാഷ്ട്രപതിക്ക് നൽകിയത്. തിരുവനന്തപുരത്ത് സംസ്ഥാന സർക്കാർ നൽകിയ സ്വീകരണത്തിൽ വിവിധ രംഗങ്ങളിൽ കൈവരിച്ച നേട്ടങ്ങൾ എടുത്തുപറഞ്ഞായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗം.
സ്ത്രീ ശാക്തീകരണത്തിന്റെ തിളക്കമാർന്ന മാതൃകയാണ് കേരളമെന്ന് പ്രസംഗിച്ച രാഷ്ട്രപതി നിരവധി മാനവിക സൂചികകകളിൽ കേരളത്തിന്റെ മികച്ച പ്രകടനം പ്രതിഫലിക്കുന്നതായും പറഞ്ഞു. ആദ്യ കേരള സന്ദർശനമായിരുന്നു രാഷ്ട്രപതി ദ്രൗപദി മുർമുവിന്റേത്.