ചേർപ്പ്> പെൺ സുഹൃത്തിനെ രാത്രി കാണാനെത്തിയ ബസ് ഡ്രൈവർ മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ 4 പ്രതികളെ ഉത്തരാഖണ്ഡിൽ നിന്ന് പിടികൂടി ചേർപ്പ് സ്റ്റേഷനിലെത്തിച്ചു. പ്രതികൾ നേപ്പാളിലേക്ക് കടക്കുന്നതിനിടെയാണ് തന്ത്രപരമായി പിടികൂടിയതെന്ന് ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ദോംഗ്രെ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഉത്തരാഖണ്ഡിലെ പ്രതികൂല കാലാവസ്ഥയോടു പൊരുതി അവിടത്തെ ടാസ്ക് ഫോഴ്സിന്റെ സഹായത്തോടുകൂടിയാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ നേപ്പാളിലേക്ക് ബസ് മാർഗ്ഗം കടക്കാനുള്ള യാത്രക്കിടെ അന്വേഷണ സംഘത്തിന് സംശയം തോന്നി പിടികൂടുകയായിരുന്നു.കുറുമ്പിലാവ് സ്വദേശികളായ കറുപ്പ് വീട്ടിൽ അമീർ (30), കൊടക്കാട്ടിൽ അരുൺ (21), ഇല്ലത്തു പറമ്പിൽ സുഹൈൽ (23), കറുമത്ത് വീട്ടിൽ നിരഞ്ജൻ (22) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. അവിടെ കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറണ്ട് വാങ്ങി നാട്ടിലെത്തിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ 4 പേരെയും റിമാന്റ് ചെയ്തു.
കേസിൽ റൂറൽ എസ്പി ഐശ്വര്യ ദോംഗ്രേ, ഇരിങ്ങാലക്കുട ഡിവൈഎസ്പി. ബാബു കെ തോമസ്, ചേർപ്പ് ഇൻസ്പെക്ടർ എം പി. സന്ദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ വാടാനപ്പിള്ളി എസ്ഐ കെ അജിത്, എഎസ്ഐ ടി ആർ ഷൈൻ, സീനിയർ സിപിഒ സോണി സേവ്യർ എന്നിവർ അംഗങ്ങളായിരുന്നു. ഫെബ്രുവരി 19 ന് പുലർച്ചെ നടന്ന ആക്രമണത്തെക്കുറിച്ച് ആദ്യം വ്യക്തമായ വിവരം ഉണ്ടായിരുന്നില്ല. പിന്നീട് പോലീസ് കൂടുതൽ അന്വേഷണം ഡോക്ടറോട് ചോദിച്ചറിഞ്ഞും വിശദമായ അന്വേഷണം ചോദ്യം നടത്തിയതോടെയാണ് സംഭവിന്റെ ചുരുളഴിയുന്നത്.
രാത്രി പെൺ സുഹൃത്തിനെ കാണാനെത്തിയപ്പോൾ കുറച്ചുപേർ സംഘം ചേർന്ന് മർദ്ദിക്കുകയും അടി കൊണ്ട് നിലത്തുവീണിട്ടും മർദ്ദനം തുടരുകയുമായിരുന്നു. പ്രതികളിൽ ദുരിഭാഗം പേരും മയക്കുമരുന്നിന് അടിമകളാണെന്ന് പൊലീസ് പറഞ്ഞു. ഇവർക്ക് വിവിധ സംസ്ഥാനങ്ങളിലടക്കം മയക്കമരുന്ന് ഉപയോഗിക്കുന്ന സംഘങ്ങളുമായി ബന്ധമുണ്ട്. ഈ ബന്ധങ്ങൾ ഉപയോഗിച്ചാണ് പലസംസ്ഥാനങ്ങളിലേക്കായി ഇവർ രക്ഷപ്പെട്ടത്. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചവരും സാമ്പത്തിക സഹായം ചെയ്തവരും ഒളിത്താവളം ഒരുക്കിയവരടക്കമുള്ളവരെ അഴിക്കുള്ളിലാക്കുമെന്ന് റൂറൽ എസ്പി ഐശ്വര പറഞ്ഞു.