പാലക്കാട് > പാലക്കാട് ജില്ലാ യൂത്ത് കോൺഗ്രസ് സമ്മേളനത്തിൽ പ്രധാന അജണ്ട ചിക്കൻ ബിരിയാണി. ജില്ലാ സമ്മേളനത്തിൽ ചർച്ച ഒഴിവാക്കിയ ജില്ലാ നേതൃത്വം ചിക്കൻ ബിരിയാണി കഴിക്കാൻ നൽകിയത് മണിക്കൂറുകളാണ്. പ്രതിനിധി സമ്മേളനത്തിൽ റിപ്പോർട്ട് അവതരിപ്പിച്ചശേഷം സാധാരണയായി ചർച്ചക്കുള്ള അവസരമുണ്ട്. എന്നാൽ ഇത്തവണ ഇത് നിഷേധിച്ചു. പ്രതിനിധി സമ്മേളനം കെപിസിസി വർക്കിങ് പ്രസിഡന്റ് ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്തശേഷം ജില്ലാ സെക്രട്ടറി വിഷ്ണു സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.
തുടർന്ന് ചർച്ച ഒഴിവാക്കി ഭക്ഷണത്തിനായി പിരിഞ്ഞു. ചിക്കൻ ബിരിയാണി കഴിച്ച് മണിക്കൂറുകൾ ചെലവിട്ടു. ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് പലരും സമ്മേളനം പുനരാരംഭിക്കുന്നതിനെക്കുറിച്ച് ചോദിച്ചെങ്കിലും ബിരിയാണി കഴിക്കുന്ന തിരക്കിലായിരുന്നുവത്രെ നേതാക്കൾ. ഭക്ഷണശേഷം വൈകിട്ട് നാലോടെ സമാപന സമ്മേളനത്തിനായാണ് വീണ്ടും ചേർന്നത്. സമാപന സമ്മേളനം കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബൽറാം ഉദ്ഘാടനം ചെയ്തു.
മറ്റ് എല്ലാ ജില്ലയിലും ചർച്ചയ്ക്ക് അവസരം കിട്ടുമ്പോൾ പാലക്കാട്ടുമാത്രം നിഷേധിച്ചതിൽ ഒരു വിഭാഗം കടുത്ത അമർഷം രേഖപ്പെടുത്തി. ജില്ലാ– സംസ്ഥാന നേതൃത്വത്തിനെതിരായ വിമർശനങ്ങൾ ഒഴിവാക്കാനാണ് ചർച്ച ഒഴിവാക്കിയതെന്ന് ഇവർ പറയുന്നു..