തിരുവനന്തപുരം> തുടര്ച്ചയായ ഏഴാം ദിവസവും പ്രതിപക്ഷം സഭാ നടപടികള് തടസ്സപ്പെടുത്തിയതോടെ സഭാ സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. മുഖ്യമന്ത്രിയാണ് ഇത് സംബന്ധിച്ച പ്രമേയം സഭയില് അവതരിപ്പിച്ചു. വരും ദിവസങ്ങളിലേയ്ക്കുള്ള ധനാഭ്യര്ത്ഥനകള് ഇന്ന് പരിഗണിക്കണമെന്ന് മുഖ്യമന്ത്രി പ്രമേയത്തില് ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്ന്ന് ധനബില്ലും, ധനവിനിയോഗ ബില്ലും സഭ പാസ്സാക്കി.
ധനബില്ലും ധനവിനിയോഗ ബില്ലും പാസാക്കുന്നതിന് വേണ്ടി ചേര്ന്ന പ്രത്യേക സമ്മേളനം മാര്ച്ച് 30 വരെ ചേരാനായിരുന്നു തീരുമാനിച്ചിരുന്നത്.
അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന്റെ പേരില് കേട്ടുകേള്വിയില്ലാത്ത നടപടികളാണ് പ്രതിപക്ഷം സ്വീകരിച്ചത്. സഭാ നടപടികള് തുടര്ച്ചയായി തടസ്സപ്പെടുത്തിയ പ്രതിപക്ഷം സ്പീക്കറുടെ ഓഫീസ് ഉപരോധിച്ച് സംഘര്ഷം സൃഷ്ടിക്കാനും ശ്രമിച്ചിരുന്നു. സമാന്തര സഭ നടത്തിയ പ്രതിപക്ഷം പത്രസമ്മേളനം വിളിച്ച് സ്പീക്കറെ വിമര്ശിച്ചിരുന്നു. സ്പീക്കറുടെ കോലം കത്തിക്കുക എന്ന കേട്ടുകേള്വിയില്ലാത്ത പ്രതിഷേധ മാര്ഗ്ഗവും പ്രതിപക്ഷം സ്വീകരിച്ചിരുന്നു.
സ്പീക്കര് റൂളിംഗ് നല്കിയതിന് ശേഷവും തുടര്ച്ചയായി സഭ തടസ്സപ്പെടുത്തുന്ന നിലപാടില് നിന്ന് പിന്തിരിയാതെ പ്രതിപക്ഷം ഏഴാം ദിവസവും പിന്മാറാത്തതിനെ തുടര്ന്നാണ് സഭ അനിശ്ചിതകാലത്തേക്ക് പിരിയാന് തീരുമാനിച്ചത്.