തിരുവനന്തപുരം
സഭാധ്യക്ഷന്റെ ഓഫീസ് ഉപരോധിച്ച് അക്രമം നടത്തിയ പ്രതിപക്ഷ നടപടി ദൗർഭാഗ്യകരമെന്ന് സ്പീക്കർ. അത്തരമൊരുനീക്കം ഒരുപക്ഷേ സഭാചരിത്രത്തിൽ ആദ്യമാണെന്നും സ്പീക്കർ എ എൻ ഷംസീർ റൂളിങ്ങിൽ പറഞ്ഞു.ഓഫീസ് ഉപരോധത്തെതുടർന്ന് വാച്ച് ആൻഡ് വാർഡുമായുണ്ടായ ബലപ്രയോഗത്തിനിടയിൽ വാച്ച് ആൻഡ് വാർഡുമാർക്കും ഏതാനും അംഗങ്ങൾക്കും പരിക്കേറ്റു. ചിലരുടെ പരിക്ക് സാരമുള്ളതായാണ് മെഡിക്കൽ റിപ്പോർട്ട്. രണ്ടു ഭരണകക്ഷി അംഗങ്ങളുടേതുൾപ്പെടെ 10 പരാതി ലഭിച്ചു. സ്പീക്കറുടെ നിഷ്പക്ഷത ചോദ്യം ചെയ്യുന്നതും സഭയ്ക്കകത്ത് സമാന്തര സമ്മേളനം നടത്തിയതും അംഗീകരിക്കാനാകില്ല. ഒഴിവാക്കപ്പെടാമായിരുന്ന സംഭവപരമ്പരകളാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായതെന്നും സ്പീക്കർ റൂളിങ് നൽകി.
സംഘർഷത്തിൽ പരിക്കേറ്റവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മ്യൂസിയം പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ, സ്പീക്കറുടെ അധികാരപരിധിയിൽ നടന്നതായതിനാലും ചട്ടങ്ങൾ പാലിക്കേണ്ടതിനാലും വിശദമായി പരിശോധിച്ചാകും തുടർനടപടി.
സർക്കാർ നിർദേശപ്രകാരമാണ് അടിയന്തരപ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിക്കുന്നതെന്ന തരത്തിലുള്ള ആക്ഷേപങ്ങൾ സഭയ്ക്കകത്തും പുറത്തും പ്രതിപക്ഷ നേതാക്കളുടെ പത്രസമ്മേളനത്തിലും ഉന്നയിച്ചു. ഇത് വസ്തുതാപരമല്ല. പാർലമെന്ററി മര്യാദകൾ ലംഘിച്ചാണ് സ്പീക്കറുടെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നത്. ചട്ടങ്ങൾക്ക് നിരക്കാത്ത നോട്ടീസുകളിന്മേൽ യുക്തമായ നടപടി സ്വീകരിക്കാനുള്ള അധികാരത്തെ മറ്റുവിധത്തിൽ വ്യാഖ്യാനിക്കുന്നതും പാർലമെന്ററി മര്യാദകൾ ലംഘിക്കുന്നതും അനുവദിക്കില്ല. അടിയന്തരപ്രമേയ നോട്ടീസിൽ പ്രതിപക്ഷത്തിന്റെ അവകാശം സംരക്ഷിക്കാൻ മുൻഗാമികളുടെ മാതൃക തുടർന്നുമുണ്ടാകും.
സഭയ്ക്കകത്ത് സമാന്തര സമ്മേളനം നടത്തിയവർ ദൃശ്യങ്ങൾ പകർത്തി ചാനലുകൾക്ക് ലഭ്യമാക്കി. മുതിർന്ന അംഗങ്ങൾവരെ ഇതിന്റെ ഭാഗമായി. ഇത്തരം പ്രവർത്തനങ്ങൾ ആവർത്തിക്കപ്പെട്ടാൽ കർശന നടപടിയുണ്ടാകും. സഭാ ടിവിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഉടൻ മാർഗനിർദേശങ്ങൾ പുതുക്കും. സഭാതലത്തിലും പരിസരത്തുമുള്ള ദൃശ്യങ്ങൾ പകർത്തി പുറത്ത് നൽകുന്ന പ്രവണത വർധിക്കുകയാണ്. അതിലും മാർഗനിർദേശമുണ്ടാകുമെന്നും സ്പീക്കർ റൂളിങ്ങിൽ പറഞ്ഞു.