കോഴിക്കോട്
ജമാഅത്തെ ഇസ്ലാമിക്കുപിന്നാലെ മുസ്ലിംലീഗുമായും ചർച്ച നടത്തിയ വിവരം പുറത്തുവന്നതോടെ തെളിയുന്നത് കേരളത്തിൽ ആർഎസ്എസ് നടപ്പാക്കുന്ന ഗൂഢപദ്ധതി. മുസ്ലിം സംഘടനകളെ ഭീഷണിപ്പെടുത്തിയും അനുനയിപ്പിച്ചും ഒപ്പം കൂട്ടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ചർച്ചകൾ. കേരളത്തിൽ രാഷ്ട്രീയമായി വേരുറപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് ഈ കുത്സിതനീക്കം. അതിന് ലീഗും ജമാഅത്തെ ഇസ്ലാമിയും വഴിപ്പെട്ടതിന്റെ വിവരങ്ങളാണ് പുറത്തുവന്നത്.
ജമാഅത്തെ ഇസ്ലാമിയുമായി ചർച്ച നടത്തിയ വിവരം ആർഎസ്എസ് ദേശീയ നേതൃത്വം നേരത്തെ പുറത്തുവിട്ടിരുന്നു. അതുവരെ ജമാഅത്തെ ഇസ്ലാമി നേതൃത്വം രഹസ്യമാക്കിവച്ചു. വിവാദമായതോടെ മുസ്ലിം സംഘടനകളുമായുള്ള ബൗദ്ധിക ചർച്ചയാണ് നടന്നതെന്നായിരുന്നു വിശദീകരണം. ജമാഅത്തെ ഇസ്ലാമിയുടെ ഉടമസ്ഥതയിലുള്ള മീഡിയാ വൺ ചാനലിന് കേന്ദ്ര സർക്കാർ സംപ്രേഷണ വിലക്ക് ഏർപ്പെടുത്തിയിരുന്നു. അതിന് ശേഷമായിരുന്നു ചർച്ച. അന്ന് ചർച്ചയെ എല്ലാ മുസ്ലിം സംഘടനകളും രാഷ്ട്രീയ പാർടികളും അപലപിച്ചപ്പോൾ ലീഗ് നേതൃത്വം മൗനംപാലിച്ചു. അതിന്റെ കാരണമാണ് ഇപ്പോൾ പുറത്ത് വന്നത്.
കേരളത്തിൽ ലീഗ് നേതൃത്വവുമായി ആർഎസ്എസ് ചർച്ച നടത്തിയ വിവരം കഴിഞ്ഞ ദിവസമാണ് പുറത്തായത്. ആർഎസ്എസ് നേതൃത്വമാണ് ഇക്കാര്യവും തുറന്നുപറഞ്ഞത്. ലീഗ് നേതൃത്വം ഇത് നിഷേധിച്ചെങ്കിലും മുൻ സ്ഥാന സെക്രട്ടറി കെ എസ് ഹംസ ചർച്ച സ്ഥിരീകരിച്ചു. പി കെ കുഞ്ഞാലിക്കുട്ടിയുടെ നിർദേശപ്രകാരം ലീഗ് എംഎൽഎയാണ് ചർച്ചയിൽ പങ്കെടുത്തതെന്ന വിവരവും പുറത്തുവന്നു. നേരത്തെ ലീഗ് മുഖപത്രമായ ചന്ദ്രികയിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് സംസ്ഥാന പ്രസിഡന്റായിരുന്ന ഹൈദരലി ശിഹാബ് തങ്ങളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്തിരുന്നു. ലീഗ് സംസ്ഥാന കമ്മിറ്റിയിൽ വിഷയം ചർച്ചയ്ക്കുവന്നപ്പോൾ ഇഡി ഇനി പരിശോധനയ്ക്ക് വരില്ലെന്നും സംഗതി സെറ്റിലാക്കിയെന്നും കുഞ്ഞാലിക്കുട്ടി മറുപടി നൽകിയെന്നാണ് ഹംസ പറയുന്നത്. ആർഎസ്എസ് നേതൃത്വവുമായി നടന്ന ചർച്ചയ്ക്ക് കേസുമായി ബന്ധമുണ്ടെന്ന സൂചനയും അദ്ദേഹം നൽകുന്നുണ്ട്.
പാർലമെന്റ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പരമാവധി ന്യൂനപക്ഷ സംഘടനകളെ പാട്ടിലാക്കുകയാണ് ആർഎസ്എസ് ലക്ഷ്യം. ചില മണ്ഡലങ്ങളിൽ ഇവരുടെ പിന്തുണകൂടി ലഭിച്ചാൽ ജയിച്ചുകയറാമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്.